കരിക്കകം ദുരന്തത്തിന് ഒരുവയസ്. തലേദിവസം വീണ്ടും അപകടം

single-img
16 February 2012

സ്‌കൂള്‍ വാന്‍ പാര്‍വതിപുത്തനാറിലേക്കു മറിഞ്ഞ് ഏഴു കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ കരിക്കകം ദുരന്തത്തിന് ഇന്ന് ഒരുവര്‍ഷം തികയാനിരിക്കെ ദുരന്തസ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ ഇന്നലെ വീണ്ടും അപകടം. ഏഴു സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം കുട്ടികള്‍ രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം 3.50ന് ചാക്ക രണ്ടു സെന്റ് കോളനിക്കു സമീപത്തെ റോഡിലായിരുന്നു അപകടം. ചാക്ക ഗവണ്‍മെന്റ്് എല്‍പിഎസിലെ വിദ്യാര്‍ഥികളെയുംകൊണ്ട് വീടുകളിലേക്കു മടങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വരികയായിരുന്ന സൈക്കിള്‍ യാത്രക്കാരായ രണ്ടു കുട്ടികള്‍ ഓട്ടോറിക്ഷക്കു നേരെ സൈക്കിള്‍ ഓടിച്ചുകയറ്റി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് ഓട്ടോറിക്ഷ പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞത്. കൂട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഏഴു കുട്ടികളെയും രക്ഷപ്പെടുത്തി. അപകട വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ചാക്ക രണ്ടു സെന്റ് കോളനിയിലെ താമസക്കാരായ അനില്‍-ബിന്ദു ദമ്പതികളുടെ മക്കളായ അഖില്‍(8), അക്ഷര(6), മധു-ലതിക ദമ്പതികളുടെ മക്കളായ മനീഷ്(9), മഞ്ചിമ(6), പ്രശാന്ത്-ആശ ദമ്പതികളുടെ മക്കളായ അഭിരാമി(7), അനന്തു(3), അനില്‍കുമാര്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ അഖില(7) എന്നിവരാണ് രക്ഷപ്പെട്ട കുട്ടികള്‍. പാര്‍വതി പുത്തനാറില്‍ കുളവാഴകള്‍ വളര്‍ന്നു നിന്നിരുന്നതിനാല്‍ ഓട്ടോറിക്ഷ പെട്ടെന്നു താഴ്ന്നുപോയില്ല. വാഹനത്തിന്റെ പ്ലാറ്റ്‌ഫോം വരെ വെള്ളം കയറിയിരുന്നു.

കരിക്കകം ദുരന്തം നടന്നമുണ്ടായപ്പോള്‍ പാര്‍വതി പുത്തനാറില്‍ സുരക്ഷാ ഭിത്തി നിര്‍മിക്കുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ഭാഗത്തു മാത്രമാണ് സുരക്ഷാ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അവശേഷിക്കുന്ന നാല് കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഇനിയും സുരക്ഷാ ഭിത്തി കെട്ടിയിട്ടില്ല. സുരക്ഷാ ഭിത്തിയില്ലാത്ത ഭാഗത്താണ് അപകടമുണ്ടായത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കരിക്കകം ദുരന്തം ഉണ്ടായത്. പേട്ട ലിറ്റിള്‍ ഹാര്‍ട്ട് സ്‌കൂളിലെ കുട്ടികളെയും വഹിച്ച് കൊണ്ടുപോയ മാരുതി വാന്‍ പാര്‍വതി പുത്തനാറിലേക്കു വീണ് ആയ ഉള്‍പ്പെടെ ഏഴു പേരുടെ ജീവനാണ് അന്നു പൊലിഞ്ഞത്. അന്നത്തെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഷാജഹാന്‍- ഷബിനി ദമ്പതികളുടെ ഏക മകനായ അഞ്ചു വയസുകാരന്‍ ഇര്‍ഫാന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി ചികിത്സയില്‍ കഴിയുകയാണ്.