സഹാറ- ബിസിസിഐ പിണക്കം തീര്‍ന്നു

single-img
16 February 2012

ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും സഹാറ ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു. ടീം ഇന്ത്യയുടെ ഔദ്യോഗികസ്ഥാനത്ത് സഹാറ തുടരുന്നതിനോടൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അഞ്ചാം പതിപ്പില്‍ അവരുടെ ഉടമസ്ഥതയിലുള്ള പൂന വാരിയേഴ്‌സ് കളിക്കുകയും ചെയ്യും. കാന്‍സര്‍ ചികിത്സയിലേര്‍പ്പെട്ടിരിക്കുന്ന യുവ്‌രാജ് സിംഗിനു പകരം താരത്തെ തെരഞ്ഞെടുക്കാന്‍ പൂനയ്ക്ക് അവസരവും ലഭിക്കും. അതേസമയം, ആറു വിദേശതാരങ്ങളെ കളിപ്പിക്കണമെന്ന പൂനയുടെ നിര്‍ദേശം ബിസിസിഐ അംഗീകരിച്ചില്ല.

532 കോടിയുടെ കരാറാണ് സഹാറയ്ക്ക് ബിസിസിഐയുമായി ഉണ്ടായിരുന്നത്. ഓരോ ടെസ്റ്റു മത്സരത്തിനും 3.34 കോടി രൂപയാണ് സഹാറ ബിസിസിഐക്ക് നല്കിക്കൊണ്ടിരുന്നത്. കഴിഞ്ഞ 11 വര്‍ഷമായി സഹാറയാണ് ടീം ഇന്ത്യയുടെ മുഖ്യ സ്‌പോണ്‍സര്‍. ഐപിഎലില്‍ 1702 കോടി രൂപയ്ക്കാണ് പൂന വാരിയേഴ്‌സിനെ സഹാറ വാങ്ങിയത്. കഴിഞ്ഞ കുറേനാളുകളായി ബിസിസിഐയുടെ നടപടികളില്‍ സഹാറ ഇന്ത്യ അത്ര തൃപ്തരല്ലായിരുന്നു. യുവിക്കു പകരം താരത്തെ എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘട്ടനത്തില്‍ കലാശിച്ചത്. ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യ സാഹറായുടെ ലോഗോ ഇല്ലാതെ ഇറങ്ങിയതും അവരെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറുകയാണെന്ന് സഹാറ ചെയര്‍മാന്‍ സുബ്രത റോയ് വ്യക്തമാക്കിയിരുന്നു.