ഒരു കോടി രൂപ കണ്‌ടെടുത്ത സംഭവം: രാഷ്ട്രപതിയുടെ മകനോട് വിശദീകരണം തേടി

single-img
16 February 2012

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഒരു കാറില്‍ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ നിയമസഭാംഗവും രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ മകനുമായ റാവുസാഹേബ് ഷെഖാവത്തില്‍ നിന്ന് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ഷെഖാവത്തിനു പുറമെ മന്ത്രി രാജേന്ദ്ര മുലാക്, മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗണേഷ് പാട്ടീല്‍, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വസന്തറാവു സൗര്‍ക്കര്‍, മുലാക്കിന്റെ പിഎ ആശിഷ് ബോധാങ്കര്‍ എന്നിവര്‍ക്കും വിശദീകരണം തേടി അമരാവതി ജില്ലാ കളക്ടര്‍ രാഹുല്‍ മഹിവാല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

അമരാവതിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് പണമെന്ന് അമരാവതിയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയായ ഷെഖാവത്ത് കഴിഞ്ഞദിവസം വിശദീകരിച്ചിരുന്നു. അമരാവതിയിലെ പാവപ്പെട്ട 87 സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിനായി ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ വേണ്ടി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതാണ് പണമെന്നും ഷെഖാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ പണം കണ്‌ടെടുത്ത സംഭവത്തില്‍ ബിജെപി അമരാവതി കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹര്‍ജി കോടതി 20ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ കളക്ടര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചത്. വോട്ടര്‍മാരെ സ്വാധീനിയ്ക്കാനായി എത്തിച്ച പണമാണിതെന്നാണ് ബിജെപിയുടെ ആരോപണം. കാറിലുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ നാഗ്പുരില്‍നിന്ന് അമരാവതിയില്‍ എത്തിച്ചതാണ് പണമെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജില്ലാ കളക്ടറില്‍ നിന്നും മുനിസിപ്പല്‍ അധികൃതരില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.