പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

single-img
16 February 2012

പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 21നാണ് വോട്ടെണ്ണല്‍.. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 22നു പുറത്തിറക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 29-ാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് ഒന്നിന് നടക്കും. മാര്‍ച്ച് മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

മന്ത്രി ടി.എം.ജേക്കബിന്റെ മരണത്തെത്തുടര്‍ന്നാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനോട് പരാജയപ്പെട്ട എം.ജെ.ജേക്കബ് തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍ക്കായിരുന്നു ടി.എം.ജേക്കബ്, എം.ജെ.ജേക്കബിനെ പരാജയപ്പെടുത്തിയത്. 2006ലെ തെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിനെ എം.ജെ.ജേക്കബ് പരാജയപ്പെടുത്തിയിരുന്നു.