ഹോണ്ടുറാസ് ദുരന്തത്തില്‍ മരിച്ചവരേറെയും വിചാരണത്തടവുകാര്‍

single-img
16 February 2012

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ കോമയാഗുവയിലെ ജയിലില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ നിരവധി വിചാരണത്തടവുകാരുമുണ്ടായിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ആകെ 358 പേര്‍ക്കാണു ജീവഹാനി നേരിട്ടത്.

കൈയില്‍ പച്ചകുത്തുന്നത് ഉള്‍പ്പെടെയുള്ള നിസാര കുറ്റങ്ങള്‍ക്കുവരെ ആളുകളെ ജയിലില്‍ അടയ്ക്കുന്ന പതിവാണ് ഇവിടെയുള്ളത്. ഇവരുടെ വിചാരണ ഏറെക്കാലം നീണ്ടുപോകും. 500 പേര്‍ക്കായി നിര്‍മിച്ച ജയിലില്‍ 800ല്‍ അധികം പേരെയാണു പാര്‍പ്പിച്ചിരുന്നത്. ഒരു തടവുകാരനാണു തീവച്ചതെന്നും എന്നാല്‍ മുന്നറിയിപ്പു കിട്ടിയിട്ടും യഥാസമയം തീഅണയ്ക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചില്ലെന്നും പറയപ്പെടുന്നു. ജയില്‍ വകുപ്പ് മേധാവി ഡാനിലോ ഒരനെല്ലായെയും നിരവധി ഉദ്യോഗസ്ഥരെയും പ്രസിഡന്റ് പോര്‍ഫിറോ ലോബോ സസ്‌പെന്‍ഡ് ചെയ്തു. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.