സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തതിന്റെ പേരില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പരാതി

single-img
16 February 2012

സ്വകാര്യ ബസുകള്‍ അടിച്ചു തകര്‍ത്തതിന്റെ പേരില്‍ വനം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരേയും പേഴ്‌സണല്‍ സ്റ്റാഫ് പ്രദീപിനെതിരേയും പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി. ഇന്നലെ പത്തനാപുരത്തും കോന്നിയിലും ശരണ്യാ മോട്ടേഴ്‌സിന്റെ ആറു ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി.

ഗണേഷ്‌കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുകൂലികളാണ് ബസുകള്‍ അടിച്ചു തകര്‍ത്തതെന്നാരോപിച്ചാണ് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന നേതാവും ശരണ്യാ മോട്ടേഴ്‌സ് ഉടമയുമായ മനോജ് പത്തനാപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ബസുകള്‍ യാത്രക്കാരുമായി സര്‍വീസ് നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും മനോജ് പറഞ്ഞു.

മന്ത്രിക്കെതിരെ പരാതി നല്‍കിയെങ്കിലും പത്തനാപുരം പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും കേസെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മനോജ് പറഞ്ഞു. ഇന്നലെ ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പ്രദീപിനെ ആര്‍ ബാലകൃഷ്ണപിള്ള മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ബസുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ കാരണമെന്നാണ് ആരോപണം.