രത്തന്‍ ടാറ്റ- റാഡിയ സംഭാഷണം: സുപ്രീം കോടതി വിശദീകരണം തേടി

single-img
16 February 2012

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുന്നതിനെക്കുറിച്ചു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി. ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വി, എസ്.ജെ. മുഖോപാദ്ധ്യായ എന്നിവരടങ്ങിയ ബെഞ്ചാണു വിശദീകരണം ആരാഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടു ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ നടപടി. റാഡിയ ടേപ്പില്‍ കൃത്രിമത്വം നടന്നെന്നും യഥാര്‍ഥ ടേപ്പല്ല മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഹര്‍ജിക്കാരനു കൈമാറുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി കോടതി മാര്‍ച്ച് 27-നു വീണ്ടും പരിഗണിക്കും.