ഹോണ്ടുറാസില്‍ ജയിലിനു തീപിടിച്ച് 357 മരണം

single-img
15 February 2012

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ ജയിലിലുണ്ടായ തീപിടിത്തത്തില്‍ 357 പേര്‍ കൊല്ലപ്പെട്ടതായി അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജയിലില്‍ 852 തടവുകാരുണ്ടായിരുന്നു. തലസ്ഥാനമായ തെഗുസിഗാല്‍പയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ കോമ്യാഗുയിലുള്ള ജയിലില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണു അഗ്നിബാധയുണ്ടായത്. ലാറ്റിന്‍ അമേരിക്കയില്‍ അടുത്തകാലത്തുണ്ടായ ജയിലിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്.

മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ലൂസി മാര്‍ദര്‍ പറഞ്ഞു. കാണാതായവരെ മരിച്ചവരുടെ ലിസ്റ്റിലാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ചിലരെങ്കിലും രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നു ലൂസി മാര്‍ദര്‍ ചൂണ്ടിക്കാട്ടി.

തീപിടിച്ചതിനെത്തുടര്‍ന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ തടവുകാര്‍ ലഹളയ്‌ക്കൊരുമ്പെട്ടു. അലറിക്കരഞ്ഞുകൊണ്ട് തടവുകാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതിന്റെ ദയനീയ ദൃശ്യങ്ങള്‍ അഗ്നിശമന സേനയുടെ വക്താവ് ജോസുവ ഗാര്‍സ്യ വിവരിച്ചു. നൂറിലധികം തടവുകാര്‍ തീയില്‍ വെന്തെരിഞ്ഞോ ശ്വാസംമുട്ടിയോ തങ്ങളുടെ സെല്ലുകളില്‍ മരിച്ചു കിടക്കുന്നതു കണെ്ടന്ന് അദ്ദേഹം പറഞ്ഞു. താക്കോലില്ലാത്തതിനാലാണ് ഇവരെ പലരെയും മുറികള്‍ തുറന്നു രക്ഷിക്കാനാവാതെ പോയത്.