വിദേശ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

single-img
15 February 2012

നീണ്ടകര ഉള്‍ക്കടലില്‍ വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. നീണ്ടകരയില്‍ നിന്നു 14 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 70 കിലോമീറ്റര്‍) അകലെ ഉള്‍ക്കടലില്‍ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം.

എണ്ണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറയിലേക്കു പോവുകയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്‌സിയില്‍ നിന്നാണ് വെടിവയ്പുണ്ടായതെന്നാണു വിവരം. കൊല്ലം നീണ്ടകര സ്വദേശി ജലസ്റ്റിന്‍, കന്യാകുമാരി ഇരവിമണ്‍തുറ സ്വദേശി പിങ്കു എന്നിവരാണ് മരിച്ചത്. കളിയിക്കാവിള സ്വദേശി ഫ്രെഡിയുടെ സെന്റ് ആന്റണി എന്ന ബോട്ടിലെ ജീവനക്കാരാണ് ഇരുവരും. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനുപോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കടല്‍കൊള്ളക്കാരെന്നു കരുതി വെടിവച്ചതെന്നാണു സൂചന. സംഭവമറിഞ്ഞ് വിഴിഞ്ഞത്തുനിന്നു പുറപ്പെട്ട തീരസംരക്ഷണ സേനയുടെ കപ്പല്‍ രാത്രി എട്ടോടെ വെടിയുതിര്‍ത്ത കപ്പല്‍ കണെ്ടത്തി സ്ഥിരീകരിച്ചു. കപ്പല്‍ കൊച്ചി തീരത്ത് അടുപ്പിക്കാന്‍ തീരസംരക്ഷണ സേന നിര്‍ദേശം നല്‍കി.

കൊച്ചിയില്‍ നിന്നു തീരസംരക്ഷണ സേന കൊല്ലത്തേക്ക് തിരിച്ചു. വെടിവച്ച കപ്പലിലെ ജീവനക്കരെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കൊച്ചിയില്‍ നിന്ന് അയച്ച തീര രക്ഷാസേനയുടെ സമര്‍, ലക്ഷ്മീബായി എന്നീ കപ്പലുകളും ഒരു നിരീക്ഷണ വിമാനവും വെടിയുതിര്‍ത്ത കപ്പല്‍ കണെ്ടത്താന്‍ സഹായിച്ചു. നാവികസേനയുടെ കബ്ര കപ്പലും സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. കടലില്‍ വെടിവയ്പുണ്ടായയെന്ന് വൈകുന്നേരം അഞ്ചോടെയാണു നീണ്ടകരയില്‍ തീരസംരക്ഷണ വിഭാഗത്തിനുവിവരം ലഭിച്ചത്. ഉടന്‍ തന്നെ നീണ്ടകരയില്‍നി ന്നു വിഴിഞ്ഞത്ത് കോസ്റ്റുഗാര്‍ഡിനെ വിവരം അറിയിച്ചു. കൊച്ചിയില്‍ നിന്നു തീരസംരക്ഷണ സേനയുടെ നിര്‍ദേശാനുസരണം അഞ്ചരയോടെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി സമ്മര്‍ ഉള്‍ക്കടലിലേക്ക് തിരിച്ചു. രാത്രി ഏഴരയോടെ വെടിയുതിര്‍ത്ത കപ്പല്‍ കണെ്ടത്തി.