ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 154-ാം സ്ഥാനത്ത്

single-img
15 February 2012

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്കു നേരിയ നേട്ടം. 157-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതുക്കിയ പട്ടികയില്‍ 154-ാം സ്ഥാനത്തെത്തി. അതേസമയം, ഭൂഖണ്ഡത്തില്‍ ഇന്ത്യ 27-ാമതാണ്. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയതാണ് റാങ്കിംഗില്‍ ഇന്ത്യക്കു മുന്നേറാന്‍ സഹായകരമായത്. സാഫ് രാജ്യങ്ങളില്‍ പക്ഷേ, നേപ്പാളാണ് മുന്നില്‍; 152-ാമത്. ബംഗ്ലാദേശ് 157-ാം സ്ഥാനത്തേക്ക് ഇറങ്ങി. അതേസമയം, ഏഷ്യ-ഓഷ്യാനിയയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളി ജപ്പാന്‍ ഒന്നാമതെത്തി. ലോകറാങ്കിംഗില്‍ ജപ്പാന്‍ 22-ാമതാണ്. ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. എന്നാല്‍, ഹോളണ്ടിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി ജര്‍മനി രണ്ടാം സ്ഥാനത്തെത്തി. ഉറുഗ്വെയാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ട് അഞ്ചാമതും പോര്‍ച്ചുഗല്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി ആറാമതുമെത്തി. ബ്രസീല്‍ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ അര്‍ജന്റീന 11-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആഫ്രിക്കന്‍ നേഷന്‍സ് കിരീടം നേടിയ സാംബിയ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 43-ാമതെത്തി. ആഫ്രിക്കന്‍ മേഖലയില്‍ ഐവറികോസ്റ്റാണ് മുന്നില്‍; 15-ാം സ്ഥാനത്ത്.