മാലിന്യനീക്കം: വിളപ്പില്‍ശാലയില്‍ സംഘര്‍ഷം

single-img
13 February 2012

വിളപ്പില്‍ശാലയില്‍ സംഘര്‍ഷാവസ്ഥ. നഗര മാലിന്യം വിളപ്പില്‍ശാലയിലേയ്ക്ക് പോലീസിന്റെ സഹായത്തോടെ കൊണ്ടുവന്നതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോര്‍പറേഷന്‍ പരിധിയിലെ മാലിന്യം ഇന്ന് വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകുമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ ചന്ദ്രിക പ്രഖ്യാപിച്ചതോടെ ഇത് തടയാനായി അയ്യായിരത്തില്‍ അധികം വരുന്ന വിളപ്പില്‍ശാല നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്.

പ്രതിഷേധിക്കുന്ന നാട്ടുകാര്‍ റോഡില്‍ കുത്തിയിരുപ്പ് നടത്തി. ഇത്രയധികം ജനങ്ങള്‍ റോഡില്‍ ഇരുന്നതിനാല്‍ എണ്ണത്തില്‍ കുറവായ പോലീസ് നന്നേ ബുദ്ധിമുട്ടി. രണ്ടു ലോറി മാലിന്യങ്ങളാണ് വിളപ്പില്‍ശാലയിലേക്ക് കൊണ്ടുവന്നത്. സമരക്കാരുടെ മുന്‍നിരയിലുണ്ടായിരുന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം മാലിന്യം, ചവറുഫാക്ടറിയിലേക്ക് കൊണ്ടുപോകാനാണ് പോലീസ് ശ്രമിച്ചത്. കുട്ടികളും സ്ത്രീകളും വികലാംഗരും പ്രായമായവരുമാണ് സമരത്തിന്റെ മുന്‍നിരയില്‍ അണിനിരന്നത്. പിന്‍നിരയിലാണ് പുരുഷന്‍മാര്‍.

കഴിഞ്ഞ 52 ദിവസമായി വിളപ്പില്‍ശാലയിലേയ്ക്ക് നഗരസഭയുടെ ചവര്‍ വണ്ടികള്‍ വന്നിട്ട്. എന്തു വിലകൊടുത്തും നഗരസഭയുടെ ചവര്‍ ലോറികള്‍ തടയുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് വിളപ്പില്‍ ജനകീയ സമരസമതി. പഞ്ചായത്തിന്റേയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണയും സമരസമിതിയ്ക്കുണ്ട്.