ഞട്ടേണ്ട… ഇന്ത്യക്കാരുടെ കള്ളപ്പണം 24.5 ലക്ഷം കോടി

single-img
13 February 2012

വിവിധ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപത്തിന്റെ തുക കേട്ടാല്‍ ഞെട്ടും- 24.5 ലക്ഷം കോടി! രാജ്യത്തിന്റെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടര്‍ എ. പി. സിംഗാണ് ഇക്കാര്യം അറിയിച്ചത്. നികുതി വെട്ടിപ്പുകാരുടെ സ്വര്‍ഗങ്ങളെന്നറിയപ്പെടുന്ന മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ലീക്‌സ്റ്റെന്‍സ്റ്റെയിന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ നിക്ഷേപത്തില്‍ ഭൂരിഭാഗവും. ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് സ്വിറ്റ്‌സര്‍ലാന്‍ഡിലാണ്. അഴിമതി, കള്ളപ്പണം തിരിച്ചുപിടിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചു ഇന്റര്‍പോള്‍ സംഘടിപ്പിച്ച ആഗോള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളിലെ കള്ളപ്പണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. നിക്ഷേപമുള്ള രാജ്യങ്ങള്‍ക്കു നിയമപ്രകാരമുള്ള അഭ്യര്‍ഥനയില്‍ തുടങ്ങി ഓരോ ഘട്ടവും പിന്നിട്ടുവേണം അന്വേഷണം നടത്താന്‍. ഇത്തരത്തില്‍ നിക്ഷേപമുള്ള രാജ്യങ്ങളൊക്കെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ഇക്കാര്യത്തില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. സിംഗപ്പൂര്‍ അഞ്ചാമത്, സ്വിറ്റ്‌സര്‍ലാന്‍ഡ് ഏഴാമത് എന്നിങ്ങനെ പോകുന്നു.

സ്വന്തം രാജ്യത്ത് എത്തുന്ന കള്ളപ്പണത്തിന്റെ വിവരം നല്‍കാന്‍ ഈ രാജ്യങ്ങള്‍ക്കു മടിയാണ്. കാരണം അവരുടെ സമ്പദ്‌വ്യവസ്ഥ എപ്പോഴും പുഷ്പിച്ചുനില്‍ക്കുന്നത് ദരിദ്രരാജ്യങ്ങളില്‍ നിന്നെത്തുന്ന പണം കൊണ്ടാണ്. കള്ളപ്പണം കണെ്ടത്തുന്നതും മരവിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേണ്ടത്ര വൈദഗ്ധ്യവും രാഷ്ട്രീയ ഇച്ഛാശക്തിയുമുണെ്ടങ്കിലേ കഴിയൂ. വളരെ സങ്കീര്‍ണവും സമയം പാഴാക്കുന്നതും ചെലവേറിയതുമാണു ഇതിന്റെ നടപടിക്രമങ്ങള്‍. മിക്ക രാജ്യങ്ങളുമായി ബന്ധപ്പെടുമ്പോഴുള്ള പ്രധാന പ്രശ്‌നം ഭാഷയും അവിശ്വാസവുമാണെന്ന് സിബിഐ മേധാവി പറഞ്ഞു.