ജില്ലാ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി: പ്രദീപ്കുമാര്‍ എംഎല്‍എയെ അറസ്റ്റുചെയ്തുവിട്ടു

single-img
13 February 2012

ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഉപരോധിക്കാനെത്തിയ എ.പ്രദീപ്കുമാര്‍ എംഎല്‍എ ഉള്‍പ്പെടെയുളള സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട ഇവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നുരാവിലെ 6.30ന് തുടങ്ങിയ ഉപരോധ സമരത്തില്‍ പങ്കെടുത്ത 39 സിപിഎം പ്രവര്‍ത്തകരെയായിരുന്നു കസബ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. അതേ സമയം അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ മുന്നോടിയായി മുന്‍കരുതല്‍ എന്ന നിലയിലാണ് എ.പ്രദീപ്കുമാര്‍ ഉള്‍പ്പെടെ 39 പേരെ അറസ്റ്റുചെയ്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടുകൊണ്ട് കഴിഞ്ഞ വെളളിയാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സഹകരണ ബാങ്കുകള്‍ക്ക് മുന്നില്‍ സിപിഎം നടത്തുന്ന ഉപരോധ സമരത്തിന്റെ ഭാഗമായിട്ടാണ് കോഴിക്കോടും സമരം നടന്നത്. വൈകുന്നേരം വരെ ഉപരോധ സമരം തുടരുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.