പയ്യോളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

single-img
13 February 2012

ജില്ലയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍. വടക്കന്‍ ഗ്രാമങ്ങളായ കുറ്റിയാടിയിലും പയ്യോളിയിലും നാദാപുരത്തുമാണ് അക്രമ സംഭവങ്ങള്‍ തുടരുന്നത്. ഇന്നലെ രാത്രിയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തതോടെ ഈ പ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം തകര്‍ന്ന സാഹചര്യമാണുള്ളത്.

ഇന്നലെ രാത്രി പയ്യോളിയില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിലാണ് ഒരാള്‍ മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ പയ്യോളി ചൊറിയന്‍ചാലില്‍ താഴേമ്മല്‍ മനോജ്(40) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് ഇയാള്‍ക്ക് വെട്ടേറ്റത്.

വടിവാളുകളുമായി മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം അക്രമികള്‍ പുറത്ത് ശബ്ദം വെച്ചപ്പോള്‍ എന്താണെന്ന് അന്വേഷിക്കാന്‍ വീടിന്റെ വാതില്‍ തുറന്ന് പുറത്തുവന്നപ്പോഴാണ് സംഘം വളഞ്ഞ് മനോജിനെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവം കണ്ട് ഭാര്യയും മക്കളും അലറികരയുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടികൂടിയെങ്കിലും അക്രമിസംഘം വടിവാള്‍ വീശി നാട്ടുകാരെ അകറ്റിയശേഷം വീട് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തു.

വീട്ടുപകരണങ്ങള്‍ മുഴുവനും അടിച്ചു തകര്‍ത്തു. ടി.വി, ഫ്രിഡ്ജ് എന്നിവ തല്ലിതകതര്‍ത്തു. അരമണിക്കൂറോളം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘത്തിന്റെ ആക്രമണം ഭയന്ന് ആര്‍ക്കും അടുക്കാനായില്ല. സംഘം പോയതിനു ശേഷമാണ് മനോജിനെ ആശുപത്രിയില്‍ എത്തിക്കാനായത്.

പരേതനായ കണാരന്റേയും ലീലയുടേയും മകനാണ് മനോജ്. ഭാര്യ: പുഷ്പ. പയ്യോളിക്കടുത്ത അയനിക്കാട് വെസ്റ്റ് യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആര്യ, നന്ദ എന്നിവരാണ് മക്കള്‍. പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ മനോജ് ബിഎംഎസ് പയ്യോളി യൂണിറ്റ് സെക്രട്ടറിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പയ്യോളി പഞ്ചായത്ത് 19-ാംവാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.

മനോജിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താര്‍ തുടങ്ങിയിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് മൂരാട് പാലത്തിനടുത്ത് ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞിട്ടുണ്ട്.

അതേസമയം കുറ്റിയാടിക്കടുത്ത് നീട്ടൂരില്‍ ഉണ്ടായ സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം കുറ്റിയാടി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഏരിയാകമ്മിറ്റി അംഗവുമായ ഏരത്ത് ബാലന്‍(55), വെള്ളൊലിപ്പില്‍ മനോജന്‍(34)എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇതില്‍ മനോജന്റെ പരിക്ക് ഗുരുതരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. നീട്ടൂരിലെ കുരുടിപറമ്പത്ത് മുക്കിലെ വിവാഹ വീട്ടില്‍ നിന്ന് രാത്രി ഇരുവരും ബൈക്കില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ലീഗുകാരാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ 15 ദിവസം മുമ്പ് ലീഗ് പ്രവര്‍ത്തകന്‍ മധുക്കോത്ത് ഹാരിസിനും ഇവിടെ വെച്ച് വേട്ടേറ്റിരുന്നു. ഈ സംഭവത്തിലെ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്നും പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നീട്ടൂര്‍ പ്രദേശത്ത് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങിയിട്ടുണ്ട്.

അതിനിടയില്‍ നാദാപുരത്തിനടുത്ത് കല്ലാച്ചി, തെരുവമ്പറമ്പ് എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ മുസ്്‌ലീം ലീഗ് പ്രവര്‍ത്തകരും രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വടക്കന്‍ ഗ്രാമങ്ങളില്‍ ശക്തമായ പോലീസ് ബന്ധവസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഏത് നിമിഷവും അക്രമം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണെ്ടന്ന് രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.