മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുന്നു..

single-img
13 February 2012

മാലദ്വീപ് മറ്റൊരു പാക്കിസ്ഥാനായി മാറുകയാണെന്ന് രാജ്യത്തെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അമീന്‍ ഫസല്‍ ആരോപിച്ചു. നഷീദിന്റെ കാലത്ത് ഇദ്ദേഹത്തെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ സൈന്യത്തിനാണു ഭരണത്തില്‍ പ്രധാന പങ്ക്. ഇതേ അവസ്ഥയാണ് ഇപ്പോള്‍ മാലദ്വീപിലുമെന്ന് ഫസല്‍ ആരോപിച്ചു. മാലദ്വീപില്‍ മതമൗലികവാദികളും തീവ്രവാദികളും രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റംചുമത്തി അറസ്റ്റു ചെയ്യുമെന്നു മാലദ്വീപിലെ പുതിയ സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നു പുറത്താക്കപ്പെട്ട പ്രസിഡന്റ് നഷീദിന്റെ പാര്‍ട്ടിക്കാര്‍ ആരോപിച്ചു. നഷീദിന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഉപരോധിച്ചതാണു കാരണം. ഭീകരപ്രവര്‍ത്തകരെന്നു മുദ്രകുത്തിയാല്‍ 12 വര്‍ഷംവരെ ജയില്‍ ശിക്ഷ ലഭിക്കുമെന്നും ഇപ്രകാരം തങ്ങളെ രാഷ്ട്രീയത്തില്‍നിന്ന് അകറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എംപി മരിയാദീദി ആരോപിച്ചു. തങ്ങളുടെ നിരവധി എംപിമാരെ അറസ്റ്റ് ചെയ്തിട്ടുണെ്ടന്നും പലര്‍ക്കും മര്‍ദനമേറ്റെന്നും പാര്‍ട്ടിയുടെ വക്താവ് ഹമീദ് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.