കെ.ജി.ബാലകൃഷ്ണനെതിരായ പരാതി: സര്‍ക്കാര്‍ വിശദീകരണം നല്‍കണം

single-img
13 February 2012

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണനെതിരായ പരാതികളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ വിശദീകരണം ലഭിച്ചശേഷം ഇതുസംബന്ധിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി അടുത്ത മാസം 12ന് വീണ്ടും പരിഗണിക്കും.

ജസ്റ്റീസ് ബാലകൃഷ്ണനെ മനുഷ്യാവാകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കുന്നതിന് നടപടി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്‌ടോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. എന്നാല്‍ പരാതി നല്‍കി പത്തുമാസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ മറുപടി നല്‍കി.

ഇതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരുടെ പരാതിയില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ആരാഞ്ഞു. നടപടി സ്വീകരിച്ചുവരികയാണെന്നും പരാതിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി. ഇതിനെത്തെുടര്‍ന്നാണ് പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് നാലാഴ്ചയ്ക്കകം വ്യക്തമാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.