ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കി

single-img
13 February 2012

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് അവിസ്ണമരണീയ ജയം. ഗംഭീരമായി തിരിച്ചടിച്ച് അവസാന ഓവറിലെ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ നാലു വിക്കറ്റിന് ഓസ്‌ട്രേലിയയെ കീഴടക്കി. അതും രണ്ടു പന്തു ബാക്കിനില്‍ക്കേ. ഗൗതം ഗംഭീര്‍ (92) നല്കിയ അടിത്തറയില്‍ നിന്ന് അവസാന ഓവറില്‍ ധോണി (44 നോട്ടൗട്ട്) 112 മീറ്റര്‍ ദൂരേക്ക് പറത്തിയ സിക്‌സറിലൂടെ ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 269. ഇന്ത്യ 49.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 270. ഓസ്‌ട്രേലിയയില്‍ ഇന്ത്യ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇന്ത്യക്ക് ഉജ്വലതുടക്കം നല്കിയ ഗംഭീറാണ് കളിയിലെ കേമന്‍.

ഓസ്‌ട്രേലിയയുടെ 269 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ആദ്യ പന്തില്‍ ആര്‍. അശ്വിന് റണ്‍ നേടാനായില്ല. അടുത്ത പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് ധോണിക്കു നല്കി. ഇന്ത്യക്കു ജയിക്കാന്‍ നാലു പന്തില്‍ 12 റണ്‍സ്. മക്‌കെ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ധോണി ലോംഗ് ഓണിലൂടെ സിക്‌സര്‍ പറത്തി. 112 മീറ്റര്‍ ദൂരെ പന്ത് പതിക്കുമ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യ കൊതിച്ച സിക്‌സര്‍ ആയിരുന്നു അത്. അടുത്ത പന്ത് ധോണി ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് ഉയര്‍ത്തി അടിച്ചു. പന്ത് ക്യാച്ചായിരുന്നെങ്കിലും നോബോളിന്റെ ആനുകൂല്യത്തിലൂടെ മൂന്നു റണ്‍ ഇന്ത്യക്ക്. അടുത്ത പന്ത് സ്‌ക്വയര്‍ ലെഗിനു വെളിയിലൂടെ ബൗണ്ടറി കടത്താന്‍ ധോണി ശ്രമിച്ചെങ്കിലും വാര്‍ണര്‍ തടഞ്ഞു. എന്നാല്‍, വിക്കറ്റിനിടയില്‍ ഓടുന്നതില്‍ കേമനായ ധോണിയും അശ്വിനും ചേര്‍ന്ന് മൂന്നു റണ്‍സ് ഓടിയെടുത്തു. ഒപ്പം ജയവും. ഇന്ത്യ ഓസ്‌ട്രേലിയയില്‍ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് 269. 1986 ല്‍ ന്യൂസിലന്‍ഡിനെതിരേ 263 പിന്തുടര്‍ന്നു ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇതുവരെയുള്ള ഏറ്റവും മികച്ച ചെയ്‌സിംഗ് 2008 ല്‍ മറികടന്ന 242 റണ്‍സായിരുന്നു.

ടോസ് ജയിച്ച് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ പുതുമുഖതാരം പീറ്റര്‍ ഫോറസ്റ്റിന്റെയും (66) ഡേവിഡ് ഹസിയുടെയും (72) മികവിലാണ് 269 റണ്‍സ് അടിച്ചുകൂട്ടിയത്. പതിവിനു വിപരീതമായി ഓപ്പണിംഗിനെത്തിയ റിക്കി പോണ്ടിംഗിനെ (8) മടക്കിയയച്ച് വിനയ്കുമാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്കി. പിന്നാലെ ഡേവിഡ് വാര്‍ണറും (18) പുറത്തായതോടെ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ്. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും (38) പുറത്തായതോടെ ഫോറസ്റ്റും ഹസിയും ക്രീസില്‍ ഒത്തുചേര്‍ന്നു. 83 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെയാണ് ഫോറസ്റ്റ് 66 റണ്‍സ് നേടിയത്. 76 പന്തില്‍ നിന്ന് അഞ്ചു ഫോറിന്റെ സഹായത്തോടെ ഡേവിഡ് ഹസി 72 റണ്‍സ് കണെ്ടത്തി.

സീനിയര്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ റൊട്ടേഷന്‍ പ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കറിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണിംഗിനിറങ്ങിയ ഗംഭീറും വിരേന്ദര്‍ സെവാഗും ആദ്യ വിക്കറ്റില്‍ 52 റണ്‍സ് നേടി. 21 പന്തില്‍ 20 റണ്‍സെടുത്ത സെവാഗ് മക്‌കെയുടെ പന്തില്‍ ഹസിക്കു ക്യാച്ച് നല്കി മടങ്ങി. സെവാഗിനു പിന്നാലെ അലക്ഷ്യമായ ഷോട്ടിലൂടെ വിരാട് കോഹ്‌ലിയും (18) പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90. തുടര്‍ന്ന് രോഹിത് ശര്‍മയും (33) ഗംഭീറും ഇന്ത്യയെ 32.2 ഓവറില്‍ 166 ല്‍ എത്തിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 178 റണ്‍സുള്ളപ്പോള്‍ ഗംഭീര്‍ മക്‌കെയ്ക്കു മുന്നില്‍ കീഴടങ്ങി. തുടര്‍ന്ന് സുരേഷ് റെയ്‌ന 30 പന്തില്‍ 38 റണ്‍സ് നേടി ഇന്ത്യയെ ജയത്തിലേക്ക് അടുക്കാന്‍ സഹായിച്ചു. ഒടുവില്‍ എം.എസ്. ധോണി (44 നോട്ടൗട്ട്) ക്യാപ്റ്റന്റെ കര്‍ത്തവ്യം നിര്‍വഹിച്ച് മൈതാനം വിട്ടു. 58 പന്തില്‍ നിന്ന് ഒരു സിക്‌സിന്റെ മാത്രം പിന്തുണയോടെയാണ് ധോണി 44 റണ്‍സെടുത്തു പുറത്താകാതെ നിന്നത്.