പാക് വിദേശകാര്യമന്ത്രി ഹിനയെ ഫോണില്‍ വിളിച്ച യുവാവിനെ ചോദ്യംചെയ്തു

single-img
13 February 2012

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബാനി ഖാറിനെ ഫോണില്‍ വിളിച്ച കന്നഡ യുവാവിനെ സിബിഐയും പോലീസ് ഇന്റലിജന്‍സ് വിഭാഗവും ചോദ്യംചെയ്തു. റെയ്ച്ചുര്‍ സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വീരേഷിനെയാണ് ചോദ്യംചെയ്തത്. യുവാവ് അബദ്ധത്തില്‍ പാക് മന്ത്രിയെ ബന്ധപ്പെടുകയായിരുന്നുവെന്നും കന്നഡയല്ലാതെ ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ഇയാള്‍ അസഭ്യം പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രസക്തിയില്ലെന്നും റെയ്ച്ചുര്‍ എസ്പി ബിന്‍സള്ളി പറഞ്ഞു. മൂന്നുമാസം മുമ്പുണ്ടായ സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം പരാതി നല്കുകയായിരുന്നു. ബന്ധുക്കളെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ കോള്‍ പാക് മന്ത്രിക്കു ലഭിക്കുകയായിരുന്നു. സംസാരവിഷയം എന്തായിരുന്നുവെന്നു വ്യക്തമല്ലെങ്കിലും തെറ്റായ ഉദ്ദേശ്യത്തിലല്ല യുവാവ് പാക് മന്ത്രിയെ വിളിച്ചതെന്നു ബോധ്യപ്പെട്ടതായി കര്‍ണാടക ഡിജിപി ശങ്കര്‍ ബിദരിയും വ്യക്തമാക്കി.