ഗണേഷ്‌കുമാറിന്റെ രാജിക്കുവേണ്ടി സമ്മര്‍ദ്ദം

single-img
13 February 2012

പാര്‍ട്ടിയെ അംഗീകരിക്കാതെയും പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കാതെയും പ്രവര്‍ത്തകരെയും നേതാക്കളെയും അവഗണിക്കുകയും ചെയ്യുന്ന മന്ത്രി ഗണേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ഔദ്യോഗികവിഭാഗം ആവശ്യപ്പെട്ടു. ബാലകൃഷ്ണപിള്ളയുടെ അനന്തരവന്‍ കൂടിയായ സംസ്ഥാന കമ്മിറ്റി അംഗം മനോജ്കുമാറാണ് ഗണേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഒറ്റയ്ക്കുനിന്നാല്‍ പത്തനാപുരത്ത് ഇതിലും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന അസാധാരണമാണ്. കേരളാ കോണ്‍ഗ്രസ്-ബിയുടെയും യുഡിഎഫിന്റെയും ഭാഗമായാണ് സ്ഥാനാര്‍ഥി വിജയിച്ചത്. അല്ലാതെ വ്യക്തിപരമല്ല. യുഡിഎഫ് രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ച പിള്ളയുടെ ഭാഗത്തുനിന്ന് യുഡിഎഫിന് ദോഷകരമാകുന്ന ഒന്നും ഉണ്ടാകില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അഴിമതിക്കും ശിപാര്‍ശയ്ക്കും താന്‍ കൂട്ടുനില്‍ക്കാത്തതു കൊണ്ടാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം തനിക്കെതിരേ തിരിഞ്ഞിട്ടുള്ളതെന്ന മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്, അഴിമതിക്കായും ശിപാര്‍ശയ്ക്കായും ആരാണ് സമീപിച്ചതെന്ന് പരസ്യമായി പറയാന്‍ മന്ത്രി തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മറയൂരിലെ ചന്ദനഫാക്ടറി നടത്തിപ്പിനും വനം വകുപ്പുദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും മന്ത്രിയുടെ ബന്ധു ശിപാര്‍ശ നടത്തിയോ എന്ന ചോദ്യത്തിന്, അങ്ങനെ നടന്നിട്ടുണെ്ടങ്കില്‍ അതിന്റെ സത്യാവസ്ഥ പുറത്തുവിടാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് മനോജ്കുമാര്‍ വ്യക്തമാക്കി.