സിസിഎല്‍ കിരീടം വീണ്ടും ചെന്നൈക്ക്

single-img
13 February 2012

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിശാല്‍ നയിച്ച ചെന്നൈ റൈനോസ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ ഒരു റണ്‍സിനു പരാജയപ്പെടുത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം സിസിഎല്‍ കിരീടമാണിത്.

ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാണുന്ന പ്രതീതിയായിരുന്നു സിസിഎല്‍ ഫൈനല്‍. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് അടിച്ചുകൂട്ടി. 69 പന്തില്‍ 95 റണ്‍സെടുത്ത വിക്രാന്തിന്റെ ബാറ്റിംഗ് മികവിലാണ് ചെന്നൈ വന്‍ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ചെന്നൈയ്ക്കു വേണ്ടി പ്രഥ്വി 20 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ വീണു. കര്‍ണാടകയുടെ ബുള്‍ഡോസര്‍താരങ്ങളായ ഭാസ്‌കര്‍(17), രാജീവ്(5), പ്രദീപ്(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. തുടര്‍ന്ന് ദ്രുവും കാര്‍ത്തിക്കും നടത്തിയ രക്ഷാപ്രവര്‍ത്തനം ഒരുഘട്ടത്തില്‍ കര്‍ണാടകയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി. കര്‍ണാടകയുടെ സ്‌കോര്‍ 152ല്‍ എത്തിനില്‍ക്കുമ്പോള്‍ ദ്രുവ്(58) വിക്രാന്തിന്റെ പന്തില്‍ കൂടാരം കയറി. 19.1 ഓവറിലായിരുന്നു ദ്രുവിന്റെ നിര്‍ണായക വിക്കറ്റ് വിക്രാന്ത് വീഴ്ത്തിയത്. കര്‍ണാടകയ്ക്കു വേണ്ടി കാര്‍ത്തിക് 51 റണ്‍സ് നേടി. അവസാന ഓവറില്‍ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ കര്‍ണാടക ഒടുവില്‍ കിരീടം ചെന്നൈയ്ക്കു അടിയറുവച്ചു. ഇരുപതോവറും ബാറ്റു ചെയ്ത കര്‍ണാടകയ്ക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ചെന്നൈയ്ക്കു വേണ്ടി ശിവ രണ്ടു വിക്കറ്റ് വീഴ്ത്തി.