ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌ കാട്ടി വിരട്ടേണ്ട: വി.എസ്

single-img
11 February 2012

സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ ആഞ്ഞടിച്ചു.വി എസിനെതിരെ ‘ക്യാപിറ്റല്‍ പണിഷ്‌മെന്‍റ്’ (വധശിക്ഷ)നടപ്പാക്കണമെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന വിമര്‍ശത്തിനെതിരെയാണു അച്യുതാനന്ദൻ ആഞ്ഞടിച്ചത്.” വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നാണ് ചിലര്‍ പറയുന്നത്. ക്യാപിറ്റല്‍ പനിഷ്മെന്റ് നേരിട്ടവരാണ് ഞങ്ങള്‍”- കയ്യൂര്‍, പുന്നപ്ര സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വി.എസ് പ്രതികരിച്ചു.

കേന്ദ്രനേതാക്കളെ സാക്ഷി നിർത്തിയായിരുന്നു വി എസ്സിനെ ഒതുക്കാൻ ശ്രമിച്ച് ഔദ്യോഗികപക്ഷ നേതാക്കൾക്കുള്ള മറുപടി വി എസ്സ് നൽകിയത്.ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌ നല്‍കണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്‌. കയ്യൂരില്‍ കര്‍ഷകരുടെ പാട്ടം കുറയ്‌ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി സമരം നടന്നു. സമരസഖാക്കളായ നാലു കര്‍ഷകരെയാണ്‌ അന്ന്‌ തൂക്കിലേറ്റിയത്‌. ക്യാപിറ്റല്‍ പണിഷ്‌മെന്റിനെ അന്നു നേരിട്ടവരാണു ഞങ്ങള്‍. ഐതിഹാസികമായ പുന്നപ്ര സമരത്തിന്റെ കാലത്തും നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. ക്രൂരപീഡനങ്ങള്‍ നടത്തുന്ന പുന്നപ്ര സ്‌റ്റേഷന്‍ അവിടെനിന്നു മാറ്റണമെന്ന ആവശ്യമുയര്‍ന്നു.

പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടറും ചില പോലീസുകാരും കൊല്ലപ്പെട്ടു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ മരിച്ചതിനേത്തുടര്‍ന്ന്‌ മൂന്നു പാര്‍ട്ടി പ്രവര്‍ത്തകരെ തൂക്കിലേറ്റി. കുട്ടപ്പന്‍, പൊറിഞ്ചു, ദാമോദരന്‍ എന്നിവരെയാണു തൂക്കിലേറ്റിയത്‌. ചിലര്‍ക്ക്‌ 26 വര്‍ഷത്തെ തടവുശിക്ഷയാണ്‌ ലഭിച്ചത്‌. ക്രൂരമായ പീഡനങ്ങള്‍ക്കും ചിലര്‍ ഇരയായി. തൂക്കുകയര്‍ വെല്ലുവിളിയായി നേരിട്ട തങ്ങളെ ക്യാപിറ്റല്‍ പണിഷ്‌മെന്റ്‌ എന്നു പറഞ്ഞ്‌ ആരും ഭീഷണിപ്പെടുത്താന്‍ വരേണ്ട”- വി.എസ്‌. പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സൂചിപ്പിച്ച് സി.പി.ഐ. നേതാവ് എ.ബി.ബര്‍ദന്റെ പ്രസംഗത്തെ എടുത്തുപറഞ്ഞാണ് വി.എസ്. തന്റെ പ്രസംഗം അവസാനിപ്പിച്ചത് . നേരത്തെ പ്രസംഗിച്ച സെക്രട്ടറി പിണറായി വിജയന്‍ സി.പി.ഐയെ പേരെടുത്തുപറയാതെ വിമര്‍ശിച്ചിരുന്നു.വിഭാഗീയത അവസാനിച്ചെന്ന് ഔദ്യോഗികപക്ഷ നേതാക്കൾ പറയുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ നീറിപ്പുകയുന്ന വിഭാഗീയതയുടെ സാക്ഷിപത്രമായിരുന്നു വി.എസിന്റെ സമ്മേളന നഗരിയിലെ പ്രസംഗം