സേനാമേധാവിയുടെ വാദം സുപ്രീംകോടതി തള്ളി

single-img
10 February 2012

ജനനത്തീയതി വിവാദത്തില്‍ കരസേനാ മേധാവി വി.കെ. സിംഗിന്റെ വാദം സുപ്രീംകോടതി തള്ളി. യുപിഎസ്‌സി രേഖകളില്‍ ജനറല്‍ സിംഗ് തന്നെ നല്‍കിയിട്ടുള്ള ജനനത്തീയതി 1950 മേയ് 10 ആണെന്നും അതു മാത്രമേ അംഗീകരിക്കാനാവൂയെന്നും രണ്ടംഗ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ കടുത്ത നിലപാടിനെ ത്തുടര്‍ന്നു വി.കെ. സിംഗ് ഹര്‍ജി പിന്‍വലിച്ചു. അതേസമയം, കരസേനാ മേധാവിയുടെ ജനനത്തീയതി 1950 മേയ് 10 ആയി കണക്കാക്കണമെന്നുള്ള ഉത്തരവ് പ്രതിരോധ മന്ത്രാലയവും പിന്‍വലിച്ചു. എന്നാല്‍ പഴയ ഉത്തരവുകള്‍ നിലനില്‍ക്കും.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നല്‍കിയ ജനറല്‍ വി.കെ. സിംഗിന്റെ ജനനത്തീയതി 1950 മേയ് 10 ആയിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇത് അംഗീകരിക്കണമെന്നും നിര്‍ദേശിച്ചു കൊണ്ടാണു സേനാ മേധാവിയും സര്‍ക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിനു കോടതി വിരാമമുണ്ടാക്കിയത്. സര്‍ക്കാരും സൈന്യവും തമ്മിലുള്ള വിഴുപ്പലക്കല്‍ പൊതുജനമധ്യത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി. ഹര്‍ജി പിന്‍വലിക്കാന്‍ തയാറല്ലെങ്കില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജസ്റ്റീസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖ്‌ലെ എന്നിവര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു ജനറല്‍ സിംഗ് ഹര്‍ജി പിന്‍വലിച്ചത്.

വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ അവശേഷിക്കേയാണു സര്‍ക്കാര്‍ രേഖകളിലുള്ള തന്റെ ജനനത്തീയതി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ വി.കെ. സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. യുപിഎസ്‌സി രേഖകള്‍ പ്രകാരം സിംഗിന്റെ ജനനത്തീയതി 1950 മേയ് 10 എന്നാണ് പ്രതിരോധ മന്ത്രാലയം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, മട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ 1951 മേയ് 10 ആണെന്നും യുപിഎസ്‌സി ഫോറത്തില്‍ തന്റെ പിതാവ് തെറ്റായി രേഖപ്പെടുത്തിയതാണെന്നുമായിരുന്നു കരസേനാ മേധാവിയുടെ വാദം.

ഇക്കാര്യം ആവശ്യപ്പെട്ടു സിംഗ് മന്ത്രാലയത്തിനു പരാതി നല്‍കിയെങ്കിലും അതു പരിഗണിക്കാതെ അദ്ദേഹത്തിന്റെ ജനനത്തീയതി 1950 മേയ് 10 ആയി കണക്കാക്കണമെന്നു വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം ഡിസംബര്‍ 30-ന് ഉത്തരവിറക്കി. ഇതിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബര്‍ 30 നു പുറത്തിറക്കിയ ഉത്തരവു പിന്‍വലിച്ചത്. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഉത്തരവു പിന്‍വലിച്ച കാര്യം സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, പ്രായവിവാദം സംബന്ധിച്ച ജനറല്‍ സിംഗിന്റെ അപേക്ഷ നിരസിച്ച് ജൂലൈ 21നും 22നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകള്‍ നിലനില്‍ക്കുന്നുണെ്ടന്ന് എജി വ്യക്തമാക്കി.

ഇതേത്ത
ുടര്‍ന്നാണു ഹര്‍ജി പിന്‍വലിക്കുന്നോയെന്നു കരസേനാ മേധാവിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ യു.യു. ലളിതിനോടു കോടതി ആരാഞ്ഞത്. യുപിഎസ്‌സി രേഖ ഇക്കാര്യത്തില്‍ അന്തിമരേഖയാണെന്നു വ്യക്തമാക്കിയ കോടതി, 2008, 2009 കാലത്ത് ലഭിച്ച സ്ഥാനക്കയറ്റത്തില്‍ അത് അംഗീകരിച്ചു കൊണ്ട് കരസേനാ മേധാവി നല്‍കിയ കത്തുകളും ചൂണ്ടിക്കാട്ടി. ജനനത്തീയതി സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു പ്രതിരോധ മന്ത്രാലയത്തിനു വി.കെ. സിംഗ് 2008ല്‍ എഴുതി നല്‍കിയിരുന്നു. യുപിഎസ്‌സി ഫോറത്തില്‍ രേഖപ്പെടുത്തിയതു തെറ്റായിരുന്നെങ്കില്‍ എന്തുകൊണ്ട് മിലിട്ടറി അക്കാദമിയിലെ പഠനകാലത്ത് അതു തിരുത്തിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ഇപ്പോള്‍ എന്തിനാണു പ്രായം സംബന്ധിച്ച് ഉത്തരവു നേടാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

ഹര്‍ജി സമര്‍പ്പിച്ച ജനറല്‍ സിംഗിന്റെ നടപടിയില്‍ തെറ്റില്ലെന്നും സര്‍ക്കാരിന് അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണെ്ടന്നും കോടതി വ്യക്തമാക്കി. ജനറല്‍ സിംഗിന്റെ സത്യസന്ധതയെ സംശയിക്കുന്നില്ല. എന്നാല്‍, രേഖകളാണു പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. ജനറല്‍ സിംഗ് സൈന്യത്തെ നയിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിനും പ്രതിരോധമന്ത്രിക്കും പൂര്‍ണവിശ്വാസമുണെ്ടന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതിനായി കോടതി ജനറല്‍ സിംഗിനു പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു.