മാലദ്വീപ് മുന്‍പ്രസിഡന്റിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് രജപക്‌സെ

single-img
10 February 2012

മാലദ്വീപില്‍ കഴിഞ്ഞദിവസം നടന്ന പോലീസ്, സൈനിക അട്ടിമറിയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ച മുഹമ്മദ് നഷീദിന്റെ കുടുംബം ശ്രീലങ്കയില്‍ സുരക്ഷിതരായിരിക്കുമെന്ന് ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ. നഷീദിന്റെ രാജിയ്ക്കു പിന്നാലെ മാലദ്വീപില്‍ നിന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ശ്രീലങ്കയില്‍ അഭയംപ്രാപിച്ചിരുന്നു. നഷീദിന്റെ ഭാര്യ ലൈലാ അലിയും മക്കളും ബുധനാഴ്ചയാണ് ശ്രീലങ്കയിലേയ്ക്കു പലായനം ചെയ്തത്. ലൈലയ്ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ പോലീസ് മേധാവിയ്ക്കു രജപക്‌സെ നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗികവക്താവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശ്രീലങ്കയിലെത്തിയ ലൈല, രജപക്‌സെയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നഷീദിന്റെ കുടുംബത്തിനു സംരക്ഷണം നല്‍കാന്‍ രജപക്‌സെ ഉത്തരവിട്ടത്. അതോടൊപ്പം മാലദ്വീപില്‍ തുടരുന്ന നഷീദിന്റെ സുരക്ഷ പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഉറപ്പാക്കണമെന്ന് രജപക്‌സെ ആവശ്യപ്പെട്ടു.