പിണറായി വിജയന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

single-img
10 February 2012

സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞടുപ്പ്. 12 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 85 അംഗ സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു എന്നിവരെക്കൂടാതെ പി.കെ. ബിജു, ടി.വി. രാജേഷ്, ജെയിംസ് മാത്യു, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എ പ്രദീപ്കുമാര്‍, കെവി രാമകൃഷ്ണന്‍, കെപി മേരി എന്നിവരാണ് സംസ്ഥാന കമ്മറ്റിയില്‍ ഇടംനേടിയത്. സരോജിനി ബാലാനന്ദനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് കെ.പി. മേരിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്‍ജിഒ യൂണിയന്‍ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള മേരിയെ ഇടുക്കി ജില്ലയുടെ പ്രതിനിധിയായിട്ടാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

തൃശൂരില്‍ നിന്നുള്ള പി.ആര്‍. രാജന്‍, കെ.കെ. മാമക്കുട്ടി, സി.ഒ. പൗലോസ് എന്നിവരെയും പത്തനംതിട്ടയില്‍ നിന്നുള്ള ആര്‍. ഉണ്ണികൃഷ്ണപിള്ള, എം കേളപ്പന്‍ എന്നിവരെയും സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇ. ബാലാനന്ദന്‍, ടി. ഗോവിന്ദന്‍, കെ. സെയ്താലിക്കുട്ടി, ഐ.വി. ദാസ്, ആര്‍. പരമേശ്വരന്‍ പിള്ള എന്നിവരുടെ നിര്യാണം മൂലമുണ്ടായ അഞ്ച് ഒഴിവുകള്‍ സംസ്ഥാന സമിതിയില്‍ നിലിവിലുണ്ടായിരുന്നു.

ഇതുകൂടാതെ അച്ചടക്ക നടപടി നേരിട്ടതുമൂലം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെയും കര്‍ഷകസംഘം പ്രസിഡന്റായിരുന്ന സി.കെ.പി പത്മനാഭന്റെയും ഒഴിവുകളും നിലവിലുണ്ടായിരുന്നു. 80 അംഗ സംസ്ഥാന സമിതി മതിയെന്ന് പിബി അഭിപ്രായമറിയിച്ചിരുന്നെങ്കിലും സംസ്ഥാന കമ്മറ്റിയുടെ ആവശ്യപ്രകാരം 85 അംഗ സമിതിയെ തന്നെ നിലനിര്‍ത്താന്‍ സമ്മതിക്കുകയായിരുന്നു.