മുല്ലപ്പെരിയാര്‍: കേരളം ആവശ്യപ്പെടാതെ സുരക്ഷാസേനയില്ലെന്നു കേന്ദ്രസര്‍ക്കാര്‍

single-img
10 February 2012

മുല്ലപ്പെരിയാര്‍ ഡാം പരിസരത്തു കേന്ദ്രസേനയെ വിനിയോഗിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിനു വീണ്ടും തിരിച്ചടി. ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ കേരളം ആവശ്യപ്പെടാതെ അവിടെ കേന്ദ്രസേനയെ വിന്യസിക്കാനാവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ ബോധിപ്പിച്ചു. എന്നു മാത്രമല്ല ഈ ആവശ്യം സുപ്രീംകോടതി തള്ളിയതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി രണ്ടാംഡിവിഷന്‍ പോലീസ് ഡയറക്ടര്‍ നീരജ് കന്‍സാല്‍ സമര്‍പ്പിച്ച എതിര്‍ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര റിസര്‍വ് പോലീസിനെയോ വ്യവസായ സുരക്ഷാസേനയോ വേണമെന്നു കേരളം ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല.

ഡാമിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണെ്ടന്നു കേരളം നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഈ ആവശ്യം ഉന്നയിച്ചു തമിഴ്‌നാടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ്. ഡാമിന്റെ സംരക്ഷണം കേന്ദ്രസേനയെ ഏല്പിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടു പൊതുമരാമത്ത് സീനിയര്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണു കേന്ദ്രസര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഡാം പരിസരത്ത് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണെ്ടങ്കില്‍ അതു നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.