ഗീലാനിയുടെ അപ്പീല്‍ തള്ളി, പാക്കിസ്ഥാനില്‍ പ്രതിസന്ധി

single-img
10 February 2012

കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി ഗ്രീലാനിയുടെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനെത്തുടര്‍ന്ന് പാക് രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ടു ഹാജരാവാന്‍ ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരി അധ്യക്ഷനായ എട്ടംഗ ബെഞ്ച് പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചു. അന്ന് അദ്ദേഹത്തിനെതിരേ കുറ്റം ചുമത്തും.

കോടതി നിര്‍ദേശം അനുസരിച്ച് ഗീലാനി ഹാജരാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഐത്‌സാസ് അഹ്‌സന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശാനുസരണം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കേസുകള്‍ പുനരാരംഭിക്കാത്തതിനാണ് പ്രധാനമന്ത്രി ഗീലാനി കോടതിയലക്ഷ്യ നടപടി നേരിടുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ ആറുമാസം തടവ് അനുഭവിക്കേണ്ടിവരും. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്ക് വിലക്കുമുണ്ടാകും. സര്‍ദാരിയുടെ സ്വിസ്ബാങ്ക് നിക്ഷേപത്തെക്കുറിച്ച് വിവരം തേടി സ്വിസ് അധികൃതര്‍ക്ക് കത്തയയ്ക്കണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് ഗീലാനിക്കെതിരേയുള്ള കുറ്റം. സ്വിസ് അധികൃതര്‍ക്കു കത്തെഴുതിയാല്‍ കോടതിയലക്ഷ്യ നടപടി സ്വമേധയാ അവസാനിക്കുമെന്ന് കഴിഞ്ഞദിവസം നടന്ന വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.