ഗണേഷുമായി മുന്നോട്ടു പോകാനാവില്ലെന്നു പിള്ള കത്തു നല്‍കും.

single-img
10 February 2012

മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി മുന്നോട്ടു പോകാന്‍ കേരളകോണ്‍ഗ്രസിനു -ബി കഴിയില്ലെന്നു കാട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള യുഡിഎഫിനു കത്തു നല്‍കും. ആര്‍. ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു മന്ത്രിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നറിയിച്ചു യുഡിഎഫിനു കത്തു നല്‍കാന്‍ തീരുമാനിച്ചത്.

മന്ത്രിസഭയ്ക്കു ദോഷകരമാകുമെന്നതിനാലാണു മന്ത്രി ഗണേഷ്‌കുമാറിനെ പിന്‍വലിക്കണമെന്നു പാര്‍ട്ടി ആവശ്യപ്പെടാത്തത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പ്രയോജനപ്പെടാത്ത മന്ത്രിയെ പാര്‍ട്ടിക്കും ആവശ്യമില്ല. ഇക്കാര്യത്തില്‍ എത്രയും വേഗം ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇന്നു കത്തു കൈമാറും. ഇതോടൊപ്പം യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും കത്തിന്റെ പകര്‍പ്പു നല്കും. കത്തു കൈമാറാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഗണേഷ്‌കുമാറോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പങ്കെടുത്തില്ല. മന്ത്രിസഭയില്‍ തുടരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടരുന്നുവെന്നു കഴിഞ്ഞ ദിവസം ഗണേഷ്‌കുമാറും വ്യക്തമാക്കിയിരുന്നു.