ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം

single-img
9 February 2012

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നാലു വിക്കറ്റിനു കീഴടക്കി. 2011 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍വന്നപ്പോള്‍ ജയം ഇന്ത്യക്കൊപ്പം നിന്നു. രവിചന്ദ്ര അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. മൂന്ന് ശ്രീലങ്കന്‍ വിക്കറ്റ് വീഴ്ത്തുകയും 30 റണ്‍സെടുത്തു പുറത്താകാതെയും നിന്ന അശ്വിനാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഗൗതം ഗംഭീറിനു പകരം വിരേന്ദര്‍ സെവാഗും രാഹുല്‍ ശര്‍മയ്ക്കു പകരം സഹീര്‍ ഖാനും അവസാന പതിനൊന്നില്‍ ഇടംപിടിച്ചു. ടോസ് ജയിച്ച് ക്രീസിലെത്തിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍തന്നെ സഹീര്‍ ഖാന്‍ തിരിച്ചടി നല്കി. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ ഉപുല്‍ തരംഗയെ (4) സച്ചിന്റെ കൈകളില്‍ എത്തിച്ചു സഹീര്‍. രണ്ടാം വിക്കറ്റില്‍ ദില്‍ഷനും (48) സംഗക്കാരയും (26) ചേര്‍ന്ന് 62 റണ്‍സ് കണെ്ടത്തി. 34 പന്തില്‍ 26 റണ്‍സെടുത്തു നിന്ന സംഗക്കാരയെയും മടക്കിയയച്ചത് സഹീര്‍ ഖാനായിരുന്നു. 24.3 ഓവറില്‍ 100 റണ്‍സില്‍ എത്തിയപ്പോള്‍ ദില്‍ഷന്റെ വിക്കറ്റും ലങ്കയ്ക്കു നഷ്ടമായി. 79 പന്തില്‍ നിന്നാണ് ദില്‍ഷന്‍ 48 റണ്‍സിലെത്തിയത്. തുടര്‍ന്ന് ചന്‍ഡിമലും എയ്ഞ്ചലൊ മാത്യൂസും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 81 പന്തില്‍ നിന്ന് നാലു ഫോറുള്‍പ്പെടെ 64 റണ്‍സെടുത്ത ചന്‍ഡിമല്‍ സ്‌കോര്‍ബോര്‍ഡില്‍ 189 റണ്‍സുള്ളപ്പോള്‍ പുറത്ത്. അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്താണ് ചന്‍ഡിമലിനെ പുറത്താക്കിയത്. 28 പന്തില്‍ 33 റണ്‍സെടുത്തു പുറത്താകാതെ നിന്ന മാത്യൂസ് ശ്രീലങ്കയെ 233 ല്‍ എത്തിച്ചു.

234 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലേ വിരേന്ദര്‍ സെവാഗിനെ (10) നഷ്ടപ്പെട്ടു. മലിംഗയുടെ പന്തില്‍ കുലശേഖരയ്ക്കു ക്യാച്ച് നല്കിയാണ് സെവാഗ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും (48) വിരാട് കോഹ്്‌ലിയും (77) ചേര്‍ന്ന് ഇന്ത്യയെ 89 ല്‍ എത്തിച്ചു. 48 റണ്‍സെടുത്ത സച്ചിനെ എയ്ഞ്ചലൊ മാത്യൂസ് ബൗള്‍ഡാക്കി. പിന്നാലെയെത്തിയ രോഹിത് ശര്‍മ (10) ഏറെനേരം ക്രീസില്‍ ചിലവിട്ടില്ല. സുരേഷ് റെയ്‌ന (24), ധോണി (4) എന്നിവര്‍ക്കു പിന്നാലെ വിരാട് കോഹ്‌ലി റണ്‍ എടുക്കുന്നതിനിടെ വിക്കറ്റിലേക്ക് തെന്നിവീണ് ഔട്ടാകുകയും ചെയ്‌തോടെ ഇന്ത്യ ആറിന് 181 എന്ന നിലയിലായി. നാലു വിക്കറ്റ് ശേഷിക്കേ 53 റണ്‍സ് കൂടിവേണമായിരുന്നു അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍. തുടര്‍ന്ന് രവീന്ദ്ര ജഡേജയും (24) ആര്‍. അശ്വിനും (30) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ ജയത്തിലെത്തി.