മുല്ലപ്പെരിയാര്‍: ജലനിരപ്പ് അളക്കാന്‍ കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കണമെന്ന് ജയലളിത

single-img
9 February 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അളക്കാന്‍ തത്സമയ നിരീക്ഷണ സംവിധാനത്തിനായി കേരളം സ്ഥാപിച്ച ഉപകരണങ്ങള്‍ നീക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ജയലളിത ഇക്കാര്യം ആവശ്യപ്പെട്ടത്.

വിഷയത്തില്‍ തമിഴ്‌നാടിനോട് വേര്‍തിരിവ് കാട്ടരുതെന്നും കേന്ദ്രത്തിന്റെ സമ്മതത്തോടെയാണ് കേരളം ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്നും കത്തില്‍ ജയലളിത പറയുന്നു. ഇക്കാര്യത്തില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയവുമായി കേരളം കരാര്‍ ഒപ്പിട്ടെങ്കില്‍ റദ്ദാക്കണമെന്നും ജയലളിത ആവശ്യപ്പെടുന്നു. ഡാം ഇപ്പോള്‍ പരിപാലിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരാണെന്നും തമിഴ്‌നാടിനോട് ആലോചിക്കാതെ കരാര്‍ ഒപ്പിട്ടത് ഫെഡറല്‍ സംവിധാനത്തിന്റെ വെല്ലുവിളിയാണെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേരളത്തിന്റെ നീക്കമെന്നും കേരളത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും കത്തില്‍ ജയലളിത പറയുന്നു.