സര്‍ദാരിയുടെ കേസുകള്‍ പുനരാരംഭിക്കാന്‍ ഗീലാനി സ്വിസ് അധികൃതര്‍ക്കു കത്തെഴുതണം

single-img
9 February 2012

പ്രസിഡന്റ് സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടും ആരംഭിക്കാന്‍ ആവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്കു കത്തയയ്ക്കാന്‍ പ്രധാനമന്ത്രി ഗീലാനിക്ക് പാക്കിസ്ഥാന്‍ സുപ്രീംകോടതി നിര്‍ദേശം നല്കി. ഇതു ചെയ്താല്‍ ഗീലാനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിക്കും. കോടതിയലക്ഷ്യക്കേസില്‍ കുറ്റപത്രം നല്കുന്നതിനു 13നു ഹാജരാകാന്‍ നിര്‍ദേശിക്കുന്ന സമന്‍സ് ഉത്തരവിനെതിരേ ഗീലാനി നല്കിയ അപ്പീല്‍ പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൗധരി അടങ്ങിയ എട്ടംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ദാരിക്കെതിരായ അഴിമതിക്കേസുകളില്‍ പുനര്‍നടപടി ഒഴിവാക്കിയതിനാണു ഗീലാനി കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്.

സര്‍ദാരി അറുപതു ദശലക്ഷം യുഎസ് ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയെന്നാണ് ആരോപണം. ഈ പണം പാക്കിസ്ഥാനില്‍ തിരികെ കൊണ്ടുവരണമെങ്കില്‍ പ്രധാനമന്ത്രി സ്വിസ് അധികൃതര്‍ക്കു കത്തെഴുതണം. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതു പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ (പിപിപി) നേതാവായാലും അദ്ദേഹം നിയമത്തിന് അതീതനല്ലെന്നു കോടതി പറഞ്ഞു.