സച്ചിന് എല്ലാ മത്സരത്തിലും കളിക്കണമെന്നു ഗാവസ്കര്‍

സീനിയര്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചെന്നിരിക്കേ ഓസ്ട്രേലിയയ്ക്കെതിരേ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ കളിക്കാതിരിക്കുന്നത് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍. അഡ്ലെയ്ഡിലെ മത്സരത്തില്‍ മികച്ച ഫോമിലുള്ള സച്ചിന് കളിക്കണമെന്നു ഗാവസ്കര്‍ ആവശ്യപ്പെട്ടു. റൊട്ടേഷന്‍ നയത്തിന്റെ ഭാഗമായ ആദ്യ മത്സരത്തില്‍ വിരേന്ദര്‍ സെവാഗിനെയും രണ്ടാം മത്സരത്തില്‍ ഗൗതം ഗംഭീറിനെയും ഒഴിവാക്കിയിരുന്നു.
ഗംഭീറും സെവാഗും സച്ചിനും ത്രിരാഷ്ട്ര പരമ്പരയിലെ എല്ലാ മത്സരത്തിലും കളിക്കണമെന്നും സുരേഷ് റെയ്നയ്ക്കും രോഹിത് ശര്‍മയ്ക്കും മാറി മാറി അവസരം നല്‍കുകയും ചെയ്യണമെന്ന് ഗാവസ്കര്‍ ആവശ്യപ്പെട്ടു. റൊട്ടേഷന്‍ വേണമെന്നു നിര്‍ബന്ധമെങ്കില്‍ ഫീല്‍ഡിലാണ് അതു നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും മികച്ച 16 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അതില്‍ മികച്ച ഫോമിലുള്ളവരെയാണ് കളിപ്പിക്കേണ്ടത്. അങ്ങനെനോക്കുമ്പോള്‍ സച്ചിന് മികച്ച ഫോമിലാണ്, സച്ചിനെ കളിപ്പിക്കണം- ഗാവസ്കര്‍ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ആര്. അശ്വിനെയും വിരാട് കോഹ്ലിയെയും ഗാവസ്കര്‍ പ്രശംസിച്ചു.