വി.എസിനു വേണ്ടി കേന്ദ്ര നേതൃത്വം ഇടപെട്ടു

single-img
9 February 2012

വി.എസ്. അച്യുതാനന്ദനെതിരേയുള്ള സമ്പൂര്‍ണ കുറ്റപത്രമായി മാറിയ സിപിഎം സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടിനു തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെട്ടു. അച്യുതാനന്ദനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭാഗത്തുള്ള വിശദീകരണങ്ങള്‍ ഒഴിവാക്കി. എന്നാല്‍ ഒരു ഭേദഗതിയും ഇല്ലാതെയാണു റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. പൊതുചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരണങ്ങള്‍ നീക്കിയ കാര്യം അറിയിക്കുകയായിരുന്നു. ചര്‍ച്ചയ്ക്കിടെ വിഎസിനെതിരേ പ്രയോഗിച്ച ചില വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അദ്ദേഹത്തെ ആവശ്യമുള്ളതുകൊണ്ടാണു തിരുത്തല്‍ നിര്‍ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു. പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സംഘടനാ സ്ഥിതിയും സര്‍ക്കാരും എന്ന രണ്ടാം ഭാഗത്തിലാണു വിഎസിനെതിരേയുള്ള കുറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. റിപ്പോര്‍ട്ടിലെയും ചര്‍ച്ചയിലെയും അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങള്‍ സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തന്നെ ഇക്കാര്യത്തിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ അന്തിമതീര്‍പ്പുണ്ടാകും.