മാലദ്വീപ്: മുന്‍ പ്രസിഡന്റ് പോരാട്ടത്തിന്

single-img
8 February 2012

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് ചെറുത്തുനില്പിന്. ഇന്നലെ വീട്ടുതടങ്കലില്‍നിന്നു മോചിതനായ നഷീദ്, പുതിയ ഭരണകൂടവുമായി സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചു. നഷീദിനു പകരം വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന്‍ മാനിക് ചൊവ്വാഴ്ച പ്രസിഡന്റായിരുന്നു. വഹീദ് രാജിവയ്ക്കണമെന്നു നഷീദ് ആവശ്യപ്പെട്ടു. തോക്കുചൂണ്ടി തന്നെ രാജിവയ്പിക്കുകയായിരുന്നു എന്നാണ് നഷീദ് പറയുന്നത്.

നഷീദിന്റെ നീക്കം രാജ്യത്തു കുറേനാള്‍ കൂടി അശാന്തിതുടരും എന്ന സൂചനയാണു നല്‍കുന്നത്. നഷീദ് ഇന്നലെ തന്റെ പാര്‍ട്ടിക്കാരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തു.നഷീദിനും കൂട്ടര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. നഷീദിന്റെ മന്ത്രിമാര്‍, സൈനിക മേധാവി, പോലീസ് മേധാവി, അടുത്ത കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണു വിലക്ക്.

ഇതേസമയം സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അനുയായികളും പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങി. നഷീദിനെ വീണ്ടും പ്രസിഡന്റായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പത്തോളം പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം ഇവര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.