സിറിയയില്‍ പ്രശ്‌നം രൂക്ഷം; ലാവ്‌റോവ് ഡമാസ്‌കസില്‍

single-img
7 February 2012

സിറിയന്‍ സേന ഹോംസ്‌നഗരത്തില്‍ നരവേട്ട തുടരുന്നതിനിടെ ഇന്നലെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഡമാസ്‌കസിലെത്തി പ്രസിഡന്റ് ബഷാര്‍ അല്‍ അസാദുമായി ചര്‍ച്ച നടത്തി.

ഹോംസില്‍ സിറിയന്‍ സൈന്യം നടത്തിയ ഷെല്ലിംഗിലും ബോംബാക്രമണത്തിലും തിങ്കളാഴ്ച മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഇന്നലെയും നഗരത്തില്‍ ഷെല്ലാക്രമണം തുടര്‍ന്നെന്നും 15 പേര്‍ക്കു ജീവഹാനി നേരിട്ടെന്നും പ്രതിപക്ഷ പ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സിറിയയില്‍ 260 പേര്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി.

സിറിയയ്‌ക്കെതിരേയുള്ള രക്ഷാസമിതി പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്ത് മൂന്നു ദിവസം പിന്നിടുമ്പോഴാണ് ലാവ്‌റോവും റഷ്യന്‍ ഇന്റലിജന്‍സ് മേധാവി മിഖായല്‍ ഫ്രാഡ്‌കോവും ഡമാസ്‌കസില്‍ സന്ദര്‍ശനത്തിനെത്തിയത്. ലാവ്‌റോവിനെ സ്വീകരിക്കാന്‍ ഡമാസ്‌കസിലെ തെരുവുകളില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയതിന്റെ ദൃശ്യങ്ങള്‍ സിറിയന്‍ ടിവി സംപ്രേഷണം ചെയ്തു.സിറിയയുടെയും റഷ്യയുടെയും ഹിസ്ബുള്ളയുടെയും പതാകകളുമായാണ് ജനങ്ങള്‍ എത്തിയത്.

പുതിയ ഭരണഘടന സംബന്ധിച്ച് ഹിതപരിശോധന നടത്തുന്നതിനുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് അസാദ് അറിയിച്ചതായി ചര്‍ച്ചയ്ക്കു ശേഷം ലാവ്‌റോവ് പറഞ്ഞു. ഉത്തരവാദിത്വമുള്ള നേതാവായി പ്രവര്‍ത്തിക്കാന്‍ ്അസാദിനെ ലാവ്‌റോവ് ഉപദേശിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.