അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍

single-img
7 February 2012

പുതിയ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീംകോടതി. എല്ലാ വാഹനങ്ങളിലും ജൂണ്‍ 15നകം ഇത് ഏര്‍പ്പെടുത്തണം. ഒരു സംസ്ഥാനത്തിനും ഇനി സമയം നീട്ടിനല്‍കില്ലെന്നും നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരേ നോട്ടീസ് നല്‍കാതെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി.

പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയതിനു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ഉത്തരവില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇവര്‍ വരുത്തിയ വീഴ്ച ഗുരുതര മാണെന്നും ഇക്കാര്യത്തില്‍ കോടതിക്കു സമയം പാഴാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കോടതി നിരന്തരം നിര്‍ദേശം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കിയില്ലെന്നു ഹര്‍ജിക്കാരനായ എം.എസ് ബിട്ട ബോധിപ്പിച്ചു. അതേസമയം, പദ്ധതി നടപ്പാക്കാത്തതിനു കോടതി ആന്ധ്രപ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്ക് കോടതി കോടതിയലക്ഷ്യത്തിനു നോട്ടീസ് അയച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ബെഞ്ച് 10,000 രൂപ പിഴയിടുകയും ചെയ്തു.

എന്നാല്‍, എല്ലാ വാഹനങ്ങളിലും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാനാകില്ലെന്നു കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനങ്ങള്‍ അതത് കോടതികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഈ കേസുകളില്‍ പെട്ടെന്നു തീര്‍പ്പു കല്പിക്കണമെന്നും മറ്റു കോടതികളോടു സുപ്രീംകോടതി നിര്‍ദേശിച്ചു.