കേരള കോണ്‍ഗ്രസ്-ബി യോഗത്തില്‍ ഗണേഷ്‌കുമാറിന് വിമര്‍ശനം

single-img
7 February 2012

കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തില്‍ പാര്‍ട്ടി മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഗണേഷ് ബോര്‍ഡ്- കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ നിയമനങ്ങള്‍ നടത്തിയത്. പ്രിയദര്‍ശനെ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഗണേഷിനെതിരേ നടപടി എടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യം ഉന്നയിച്ചു. മന്ത്രിയെകൊണ്ട് സിനിമക്കാര്‍ക്ക് മാത്രമാണ് ഉപയോഗമുള്ളത്. ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബാലകൃഷ്ണപിള്ളയുടെ മകനായതുകൊണ്ട് മാത്രമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗണേഷിനെ സഹിച്ചതെന്നും ഇനി ഇത് പറ്റില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

വി.എസിനെ ഇരുത്തി വിമര്‍ശിച്ചാല്‍ അദ്ദേഹം പോലും ഇറങ്ങിപോകില്ല. എന്നാല്‍ വയനാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഗണേഷ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ആര്‍.ബാലകൃഷ്ണപിള്ള യോഗത്തില്‍ കുറ്റപ്പെടുത്തി. യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് ഗണേഷ്‌കുമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ ഗണേഷിനെ ഔദ്യോഗികമായി തന്നെ യോഗത്തിന് ക്ഷണിച്ചതാണെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു.