സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കുമെന്നു യൂണിനോര്‍

single-img
6 February 2012

സുപ്രീംകോടതി റദ്ദാക്കിയ 122 ടുജി സ്‌പെക്ട്രം ലെസന്‍സുകളുടെ പുനര്‍ലേലത്തില്‍ പങ്കെടുക്കുമെന്നു നോര്‍വെ കമ്പനിയായ ടെലിനോറിന്റെ സംയുക്തസംരംഭമായ യൂണിനോര്‍ വ്യക്തമാക്കി. അതേസമയം തങ്ങളുടേതുള്‍പ്പെടെ ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി സമര്‍പ്പിക്കാന്‍ ടാറ്റ ടെലികോം തീരുമാനിച്ചു. യൂണിനോറിന്റെ 22 ലൈസന്‍സുകളും റദ്ദാക്കിയവയില്‍പ്പെടുന്നു. എന്നാല്‍ വിപണിയില്‍ നിന്നു പിന്‍മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കമ്പനി വ്യക്തമാക്കി. എന്തായാലും ലേലത്തില്‍ പങ്കെടുക്കും. വിജയിക്കാന്‍ കഴിയുമോയെന്നു പറയാനാവില്ല. വിജയിച്ചില്ലെങ്കില്‍ പിന്‍മാറുന്ന കാര്യം പരിഗണിക്കുമെന്നു യൂണിനോര്‍ എംഡിയും ടെലിനോര്‍ ഏഷ്യ മേധാവിയുമായ സിഗ്‌വെ ബെക്ക് പറഞ്ഞു. തറവിലയും കരുതല്‍വിലയും പരിശോധിച്ചശേഷം കമ്പനി അന്തിമ തന്ത്രങ്ങള്‍ക്കു രൂപം നല്‍കും.