തന്റെ ലക്ഷ്യം പ്രധാനമന്ത്രിയാവുകയല്ല; രാഹുല്‍ ഗാന്ധി

single-img
6 February 2012

പ്രധാനമന്ത്രിയാകുകയല്ല തന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ ഉയര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ഉണ്ടാകാം. എന്നാല്‍ തനിക്ക് അത്തരം ആഗ്രഹങ്ങളില്ലെന്നും ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ യോഗ്യനാണെന്ന സഹോദരി പ്രിയങ്കയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 22 വര്‍ഷമായി വിഡ്ഢികളായി കൊണ്ടിരിക്കുന്ന യുപിയിലെ ജനങ്ങളെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് ഉയര്‍ത്തുന്നതിനാണ് താന്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു. യുപിയില്‍ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അഴിമതിയെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അഴിമതി തടയാനുള്ള ലോക്പാല്‍ ബില്ലിന് ഭരണഘടനാ പദവി വേണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിജെപി അതിനെ ചിരിച്ചു തള്ളി. രാഹുലിന്റെ നിര്‍ദേശമാണെന്നായിരുന്നു അതിന് കാരണം. എന്നാല്‍ അത് എന്റെ നിര്‍ദേശമല്ല. രാജ്യത്തിന്റെ നിര്‍ദേശമാണ്. അതുകൊണ്ടുതന്നെ അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.