വനം വകുപ്പ് തിരുവനന്തപുരത്ത് മ്യൂസിയം തുടങ്ങും: ഗണേഷ്‌കുമാര്‍

single-img
6 February 2012

വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് മ്യൂസിയം ആരംഭിക്കുമെന്ന് വനം മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. വഴുതക്കാട് ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ച വനശ്രീ വനം ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ്. മൊബൈല്‍ വനശ്രീ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സമ്പ്രദായത്തിലൂടെ വിപണനത്തിനൊപ്പം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുവാനും കഴിയും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വനം വകുപ്പ് നിര്‍മിക്കുന്ന ശബരീജലം നിര്‍ബന്ധമാക്കും. സെക്രട്ടേറിയറ്റില്‍ ആദ്യഘട്ടമായി ശബരീജലം ഉപയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. വനം വകുപ്പിന്റെ കെട്ടിടങ്ങള്‍ മുഴുവനായി സോളാര്‍ സമ്പ്രദായത്തിലാകും ഇനി നിര്‍മിക്കുക. വനം വകുപ്പില്‍ ജീവനക്കാര്‍ക്ക് ഭയമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കും. ചടങ്ങില്‍ ഭദ്രദീപം കൊളുത്തി മന്ത്രി വനശ്രീ വനവിഭവ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ വഴുതക്കാട് കൗണ്‍സിലര്‍ സുരേഷ്‌കുമാറിനു ഉല്‍പ്പന്നങ്ങള്‍ നല്‍കി ആദ്യ വിതരണവും നിര്‍വഹിച്ചു.