ചെങ്കൊടിയുയര്‍ന്നു; സി.പി.എം. സമ്മേളനത്തിന് തുടക്കമായി

single-img
6 February 2012

വിവാദങ്ങളോടെ സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടി ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുന്‍മന്ത്രി എം. വിജയകുമാര്‍ കൊടിയുയര്‍ത്തി. ഇന്നു രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.

കേന്ദ്രകമ്മിറ്റി അംഗം ഇ.പി .ജയരാജന്റെ നേതൃത്വത്തില്‍ കയ്യൂരില്‍ നിന്നാണുപതാക കൊണ്ടുവന്നത്. കൊടിമരം കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബിയുടെ നേതൃത്വത്തില്‍ വയലാറില്‍നിന്നും സമ്മേളന നഗരിയിലെത്തിക്കുകയായിരുന്നു. ജില്ലയിലെ 14 പ്രദേശങ്ങളില്‍നിന്നാണ് ദീപശിഖകള്‍ സമ്മേളന നഗരിയിലെത്തിച്ചത്.

ഇന്നു രാവിലെ 9.30നു രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിസംബോധന ചെയ്യും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ റിപ്പോര്‍ട്ട് അവതരണം. ഇന്നും നാളെയും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും.
പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, കെ. വരദരാജന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങളാണു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.