യുവരാജിന് ശ്വാസകോശാര്‍ബുദം; അമേരിക്കയില്‍ ചികിത്സ തുടങ്ങി

single-img
5 February 2012

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് ശ്വാസകോശ കാന്‍സറെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം മുതല്‍ അമേരിക്കയില്‍ ചികിത്സയിലുള്ള യുവരാജിന് കാന്‍സറാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കീമോതെറപ്പിക്കു വിധേയനായി വരികയാണ്. അതേസമയം, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ യുവരാജിന്റെ പിതാവ് യോഗ്‌രാജ് വിസമ്മതിച്ചു. ചികിത്സിച്ചു ഭേദമാക്കാവുന്ന കാന്‍സറാണെന്നും മേയ് മാസത്തോടെ യുവരാജിന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ജതിന്‍ ചൗധരി പറഞ്ഞു. ആയൂര്‍വേദ ചികിത്സയും യുവരാജ് ഇതിനിടെ നടത്തിയിരുന്നു. ആയൂര്‍വേദ ചികിത്സയ്ക്കുശേഷം യുവിക്ക് മൂന്നു പ്രാവശ്യത്തെ കീമോ തെറാപ്പിയുടെ ആവശ്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയധമനിക്കു തൊട്ടുമുകളിലായിട്ടാണ് കാന്‍സര്‍ മുഴയെന്നും ഓടുകയും മറ്റും ചെയ്യുമ്പോള്‍ ഇത് പൊട്ടാന്‍ സാധ്യതയുള്ളതിനാലാണ് വിദഗ്ധ ചികിത്സ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ സിടി സ്‌കാനിനു വിധേയനായശേഷം യുവരാജ് ഇന്ത്യയില്‍ തിരിച്ചെത്തും. പിന്നീട് ഒരു മാസത്തെ വിശ്രമത്തിനുശേഷം കളിക്കളത്തില്‍ സജീവമാകാനാകുമെന്നും ചൗധരി വ്യക്തമാക്കി. ജനുവരി 26ന് ആണ് യുവരാജ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്.