സദാചാരപോലീസിനെതിരെ നടപടിയുണ്ടാകും: മുഖ്യമന്ത്രി

single-img
5 February 2012

സമൂഹത്തില്‍ മനഃപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ രശമിക്കുന്ന സദാചാര പോലീസുകാര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എല്‍ബിഎസിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ വളഞ്ഞുവച്ചു അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്തു കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു സംബന്ധിച്ചു പോലീസിനോടു വിശദീകരണം തേടും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റെയില്‍വേ പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു കൂടുതല്‍ ഇടപെടലുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രി ഏഴോടെ മലബാര്‍ എക്‌സ്പ്രസില്‍ എറണാകുളത്തു ഇന്റര്‍വ്യൂവിനു പോകാനെത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഒരുസംഘം ആളുകള്‍ വളഞ്ഞുവച്ചു ചോദ്യം ചെയ്തത്. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്നതിനു മുമ്പു കുട്ടി സഹപാഠിയുമൊത്തു നഗരത്തിലെ ഹോട്ടലില്‍ ചായ കഴിച്ചിറങ്ങിയതാണു പ്രശ്‌നത്തിന്റെ തുടക്കം. പിന്നീട് ഒപ്പമുണ്ടായിരുന്ന കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയും പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷന്‍ വരെ പിന്തുടരുകയുമായിരുന്നു. പിന്നീട് വിവരങ്ങള്‍ ആരായാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും സംഘം കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതിനിടെ ഒരു പോലീസുകാരന്‍ കുട്ടിയെ വിശ്രമകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. പിന്നീട് രാത്രിയില്‍ വന്ന ട്രെയിനിനു ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്തു. അതേസമയം കുട്ടി പരാതി നല്‍കാത്തതിനാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.