മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ്-എം നാളെ മുതല്‍ വീണ്ടും സമരത്തിലേക്ക്

single-img
5 February 2012

മൂല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള കോണ്‍ഗ്രസ് -എമ്മിന്റെ സമരം നാളെ വീണ്ടും ആരംഭിക്കും. പ്രധാനമന്ത്രിയുടെ ഉറപ്പിന് യാതൊരു വിലയും ഇല്ലാതായ സാഹചര്യത്തിലാണ് സമരം വീണ്ടും ആരംഭിക്കേണ്ടി വന്നതെന്ന് പാര്‍ട്ടിനേതാക്കള്‍ പറയുന്നു. പാര്‍ട്ടി എംഎല്‍എമാരും സംസ്ഥാന നേതാക്കളും മുല്ലപ്പെരിയാര്‍ ചപ്പാത്ത് സമരപ്പന്തലിലും വിവിധ സ്ഥലങ്ങളിലും നടത്തിവന്നിരുന്ന സമരം സര്‍വകക്ഷി നിവേദനത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതിനാലാണ് കേരള കോണ്‍ഗ്രസ്-എം സമരം താത്കാലികമായി നിര്‍ത്തിവച്ചിരുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നലെ പാര്‍ട്ടി ഉന്നതാധികാരസമിതിയോഗം കൂടിയത്. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ജില്ലാ നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്ന് സമരരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്.

നാളെ പാര്‍ട്ടി ജില്ലാ നേതാക്കള്‍ മുല്ലപ്പെരിയാര്‍ ചപ്പാത്ത് സമരപന്തലില്‍ രണ്ടാംഘട്ട സമരപരിപാടികള്‍ക്കു തുടക്കം കുറിച്ച് ഉപവാസ സമരം നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് റിലേ ഉപവാസസമരം. തുടര്‍ന്ന് എട്ടു മുതല്‍ ജില്ലയിലെ ഓരോ മണ്ഡലം കമ്മിറ്റികള്‍ തുടര്‍ച്ചയായി ഉപവാസസമരം നടത്തുന്നതിനും ജില്ലാ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം അധ്യക്ഷത വഹിച്ചു. കെ.ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എംപി, പി.സി.ജോസഫ് എക്‌സ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അലക്‌സ് കോഴിമല, പ്രഫ. കെ.ഐ.ആന്റണി, ജോസ് കോലടി, ജോസ് പാലത്തിനാല്‍, രാരിച്ചന്‍ നീറണാകുന്നേല്‍, റെജി കുന്നംകോട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോസ് പൊട്ടംപ്ലാക്കല്‍, രാജു തോമസ്, ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.