കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തായി

single-img
5 February 2012

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കൂറ്റന്‍ തോല്‍വിയോടെ പുറത്തായി. കര്‍ണാടക ബുള്‍ഡോസേഴ്‌സാണ് കേരള ടീമിനെ നാണംകെടുത്തിയത്. 140 റണ്‍സ് തോല്‍വി മോഹന്‍ലാല്‍ നയിച്ച കേരള സ്‌ട്രൈക്കേഴ്‌സ് വഴങ്ങി. ടോസ് നേടിയ കര്‍ണാടക ബുള്‍ഡോസേഴ്‌സ് 20 ഓവറില്‍ 247 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കണെ്ടത്തി. സിസിഎലിലെ ആദ്യ സെഞ്ചുറി നേടിയ രാജീവിന്റെ (154 നോട്ടൗട്ട്) മികവിലാണ് കര്‍ണാടക ടീം കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിന് 20 ഓവറില്‍ 107 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. രാജീവാണ് മാന്‍ ഓഫ് ദ മാച്ച്.

കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബൗളര്‍മാരെ നിഷ്പ്രഭമാക്കുന്ന ബാറ്റിംഗാണ് ബുള്‍ഡോസേഴ്‌സിന്റെ ഓപ്പണര്‍മാരായ ഭാസ്‌കരയും (87) രാജീവും പുറത്തെടുത്തത്. 17.5 ഓവറില്‍ 214 റണ്‍സ് ഒന്നാം വിക്കറ്റില്‍ എടുത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. സിസിഎലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ഭാസ്‌കരയെയും ദ്രുവയെയും (0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി വിവേക് ഗോപന്‍. അടുത്ത ഓവറില്‍ പ്രദീപിനെ (0) സൈജു കുറുപ്പും പുറത്താക്കിയെങ്കിലും ബുള്‍ഡോസേഴ്‌സ് 20 ഓവറില്‍ 247 എന്ന റിക്കാര്‍ഡ് സ്‌കോര്‍ കണെ്ടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌ട്രൈക്കേഴ്‌സിനു വേണ്ടി രാജീവ് പിള്ള (27) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. മണിക്കുട്ടന്‍ (12), പ്രജോദ് കലാഭവന്‍ (11 നോട്ടൗട്ട്) എന്നിവര്‍ മാത്രമാണ് രാജീവ് പിള്ളയെക്കൂടാതെ സ്‌ട്രൈക്കേഴ്‌സ് ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടുള്ളൂ. ഈ തോല്‍വിയോടെ കേരള ടീം സെമികാണാതെ പുറത്തായി.