ഹിമാചല്‍പ്രദേശില്‍ ബിജെപിയില്‍ പിളര്‍പ്പ്

single-img
5 February 2012

ഹിമാചല്‍പ്രദേശില്‍ അടുത്ത ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭരണകക്ഷിയായ ബിജെപി പ്രതിസന്ധിയില്‍. വിമതവിഭാഗം പുതിയ പാര്‍ട്ടി രൂപവത്കരിച്ചതോടെ ബിജെപി സംസ്ഥാന ഘടകം പിളര്‍ന്നിരിക്കുകയാണ്. നാലു തവണ എംപിയും രണ്ടു തവണ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന മഹേശ്വര്‍സിംഗ്, മുന്‍ സ്പീക്കര്‍ രാധാരാമന്‍ ശാസ്ത്രി, മുന്‍ മന്ത്രിമാരായ ശ്യാമശര്‍, മൊഹീന്ദര്‍ സോഫാത് എന്നിവരാണു കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍നിന്നു രാജിവച്ചത്.

സംസ്ഥാനത്ത് അഴിമതി വ്യാപകമായതിനാലാണു രാജിവച്ചതെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണു പുതിയ പാര്‍ട്ടി രൂപീകരിച്ച വിവരം വിമതര്‍ അറിയിച്ചത്. ഹിമാചല്‍ ലോഹിത് പാര്‍ട്ടി എന്നതാണു പാര്‍ട്ടിയുടെ പേര്. വിമതനേതാവായ മഹേശ്വര്‍സിംഗാണു പാര്‍ട്ടിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രി പ്രേംകുമാര്‍ ദുമലും അദ്ദേഹത്തിന്റെ മകനും എംപിയുമായ അനുരാഗ് താക്കൂറും ചേര്‍ന്നു സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും സംസ്ഥാനം മുഴുവന്‍ ഇവര്‍ ഭൂമാഫിയയ്ക്കു കൈമാറിക്കൊണ്ടിരിക്കുകയാണെന്നും മഹേശ്വര്‍സിംഗ് ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചേര്‍ന്നു നടത്തുന്ന അഴിമതിയില്‍ കേന്ദ്രനേതൃത്വത്തിനും പങ്കുണെ്ടന്നും മഹേശ്വര്‍സിംഗ് ആരോപിച്ചു.