ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി

single-img
5 February 2012

ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ട് പ്രകടനവും മഴയും എത്തിയതോടെ ഇന്ത്യ ഒരിക്കല്‍ക്കൂടി തോറ്റു. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ 65 റണ്‍സിനാണ് ഇന്ത്യ പരാജയം രുചിച്ചത്. മഴ തടസപ്പെടുത്തിയതിനെത്തുടര്‍ന്ന് 32 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് 29.4 ഓവറില്‍ 151 റണ്‍സിന് അവസാനിച്ചു. അര്‍ധസെഞ്ചുറി നേടുകയും മികച്ച കീപ്പിംഗ് നടത്തുകയും ചെയ്ത മാത്യു വേഡാണ് (67) കളിയിലെ കേമന്‍.

ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ത്തന്നെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (6) പ്രവീണ്‍കുമാര്‍ ബൗള്‍ഡാക്കിയപ്പോള്‍ ഓസ്‌ട്രേലിയ 5.1 ഓവറില്‍ 15 റണ്‍സ്. മൂന്നാം നമ്പറായി ക്രീസിലെത്തിയ റിക്കി പോണ്ടിംഗ് (2) പന്ത്രണ്ടു പന്ത് നേരിട്ടശേഷം പവലിയനിലേക്കു മടങ്ങി. വിനയ്കുമാര്‍ റെയ്‌നയുടെ കൈകളിലെത്തിച്ചാണ് ഓസീസിനെ ഞെട്ടിച്ചത്. പതിനൊന്ന് ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളിതടസപ്പെടുത്തി. പിന്നീട് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 32 ഓവറിയി പുനര്‍നിര്‍ണയിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ വേഡും ക്ലാര്‍ക്കും സ്‌കോര്‍ 49 ല്‍ എത്തിച്ചു. 10 റണ്‍സെടുത്ത മൈക്കിള്‍ ക്ലാര്‍ക്കിനെ രോഹിത് ശര്‍മ രാഹുല്‍ ശര്‍മയുടെ കൈകളിലെത്തിച്ചു. പിന്നീട് മൈക്ക് ഹസിയും (45) വേഡും നാലാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 23-ാം ഓവറിന്റെ അവസാന പന്തില്‍ രാഹുല്‍ ശര്‍മ മാത്യു വേഡിന്റെ വിക്കറ്റ് തെറിപ്പിച്ചു. 69 പന്തില്‍നിന്ന് രണ്ടു സിക്‌സും നാലു ഫോറും അടക്കമാണ് വേഡ് 67 റണ്‍സെടുത്തത്. തുടര്‍ന്ന് ഹസി സഹോദരന്മാരുടെ ഊഴമായി. മൈക്ക് ഹസിയും ഡേവിഡ് ഹസിയും ക്രീസില്‍ ഒന്നിച്ചു. എന്നാല്‍, സ്‌കോര്‍ബോര്‍ഡില്‍ 154 റണ്‍സുള്ളപ്പോള്‍ മൈക്ക് ഹസിയെ വിനയ്കുമാര്‍ പുറത്താക്കി. 32 പന്തില്‍നിന്ന് നാലു ഫോറുള്‍പ്പെടെ 45 റണ്‍സെടുത്ത ശേഷമാണ് മൈക്ക് ഹസി ക്രീസ് വിട്ടത്. അവസാന ഓവറുകളില്‍ ഡേവിഡ് ഹസിയും (61 നോട്ടൗട്ട്) ഡാനിയേല്‍ ക്രിസ്റ്റ്യനും (17 നോട്ടൗട്ട്) തകര്‍ത്തടിച്ചതോടെ ഓസീസ് 32 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് കണെ്ടത്തി. 30 പന്തില്‍ നിന്ന് മൂന്നു സിക്‌സും നാലു ഫോറും അടക്കമാണ് ഡേവിഡ് ഹസി 61 റണ്‍സ് അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ വിനയ്കുമാര്‍ ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി വിരേന്ദര്‍ സെവാഗിന്റെ അഭാവത്തില്‍ ഗൗതം ഗംഭീറും സച്ചിന്‍ തെണ്ടുല്‍ക്കറുമാണ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറിന്റെ അഞ്ചാം പന്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിനെ (2) മടക്കി അയച്ച് മൈക്കിള്‍ സ്റ്റാര്‍ക്ക് ഇന്ത്യക്ക് ആദ്യ പ്രഹരം നല്കി. പിന്നാലെ ഗംഭീറും (5) സ്റ്റാര്‍ക്കിനു മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ്. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയും (31) രോഹിത് ശര്‍മയും (21) ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഓസീസ് ബൗളിംഗ് ആക്രമണത്തിനു മുന്നില്‍ കീഴടങ്ങി. 34 പന്തില്‍ 31 റണ്‍സെടുത്ത കോഹ്‌ലിയെ മക്‌കെ പോണ്ടിംഗിന്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ടു പൊളിച്ചു. ഒരു പന്തിന്റെ ഇടവേളയ്ക്കു ശേഷം രോഹിത് ശര്‍മയെയും മക്‌കെ മടക്കിയതോടെ ഇന്ത്യ 11.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് എന്ന നിലയിലായി. സുരേഷ് റെയ്‌ന (4), രവീന്ദ്ര ജഡേജ (19), ആര്‍. അശ്വിന്‍ (5), രാഹുല്‍ ശര്‍മ (1) എന്നിവരും പവലിയന്‍ പൂകിയപ്പോള്‍ ഇന്ത്യ പൂര്‍ണമായി തകര്‍ന്നു. ക്യാപ്റ്റന്‍ ധോണി 29 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കണെ്ടത്തി. വാലറ്റത്ത് പ്രവീണ്‍കുമാറും (15), വിനയ്കുമാറും (12 നോട്ടൗട്ട്) ചേര്‍ന്ന് ഇന്ത്യയെ 150 കടത്തി.