2 ജി കേസില്‍ ചിദംബരത്തെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി

single-img
4 February 2012

2 ജി കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ കോടതി ഉത്തരവിട്ടു. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ചിദംബരത്തെ പ്രതിചേര്‍ക്കേണ്ട സാഹചര്യമില്ലെന്നും കേസിലെ മറ്റുപ്രതികളുടെ വിചാരണ നിശ്ചയിച്ചിരിക്കുന്നതുപോലെ ഈ മാസം 17 ന് തുടരുമെന്നുമാണ് കോടതി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിനും പി.ചിദംബരത്തിനും ഏറെ ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ വിധി. കോടതി തന്റെ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

നേരത്തെ ഈ ആവശ്യമുന്നയിച്ച് സ്വാമി നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറഞ്ഞ സുപ്രീംകോടതി, ഇക്കാര്യത്തില്‍ വിചാരണക്കോടതി തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തതന്നെ സുബ്രഹ്മണ്യം സ്വാമി ചിദംബരത്തെ പ്രതിചേര്‍ക്കമെന്ന് ആവശ്യപ്പെട്ട് വിചാരണ നടക്കുന്ന പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ വിധി ഉണ്ടായിരിക്കുന്നത്.

ടെലികോം മന്ത്രിയായിരുന്ന എ. രാജ ലൈസന്‍സുകള്‍ നല്‍കുന്ന ഒരോ ഘട്ടത്തിലും അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു. ധനമന്ത്രിയായിരുന്ന ചിദംബരമറിയാതെ രാജയ്ക്ക് ഒറ്റയ്ക്ക് ഒരു തീരുമാനവുമെടുക്കാനാകില്ലെന്നായിരുന്നു സ്വാമിയുടെ വാദം. രാജ പ്രതിയായ സ്ഥിതിയ്ക്ക് ചിദംബരവും കേസില്‍ പ്രതിയാകണമെന്നാണ് സ്വാമി ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

ഇന്ന് കോടതി വിധി പ്രസ്താവിക്കുമ്പോള്‍ ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയെയും അഭിഭാഷകരെയും മാത്രമാണ് കോടതിക്കുള്ളില്‍ പ്രവേശിപ്പിച്ചത്. ജഡ്ജി ഒ.പി.സെയ്‌നിയാണ് വിധി പ്രസ്താവിച്ചത്. ചിദംബരത്തെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ വിചാരണക്കോടതി രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സ്വാമി നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയ വിചാരണക്കോടതി, സുപ്രീംകോടതി ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കാനിരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി നാലിനു ഉത്തരവു പുറപ്പെടുവിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.