National

തിഹാര്‍ ജയിലില്‍ രാജ ഒരുവര്‍ഷം തികച്ചു

2ജി സ്‌പെക്്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ ജയിലിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാവുന്ന രാഷ്ട്രീയ നേതാവായിരുന്നു രാജ. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു രാജയുടെ അറസ്റ്റ്. രാജ അനുവദിച്ച 122 2ജി ലൈസന്‍സുകള്‍ ഫെബ്രുവരി രണ്ടിനാണ് സുപ്രീംകോടതി റദ്ദാക്കിയെന്നതും 2 ജി ചരിത്രത്തില്‍ പുതിയ അധ്യായമായി.

കേസില്‍ അറസ്റ്റിലായ കനിമൊഴി അടക്കമുള്ള മറ്റു പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ രാജ മാത്രം ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. രാജയ്ക്കു പുറമെ അദ്ദേഹത്തിനൊപ്പം അറസ്റ്റിലായ ബെഹൂറയുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയും ചെയ്തു. ഇരുവരും മാത്രമാണു കേസില്‍ ഇനി ജാമ്യം നേടി പുറത്തിറങ്ങാനുള്ളത്.

രാജയ്ക്കും കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കുമെതിരേ വിചാരണക്കോടതി അഴിമതി നിരോധന നിയമപ്രകാരം ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 ന് ചുമത്തിയിരിക്കുന്നത്. ഇതില്‍ വിചാരണപുരോഗമിക്കുകയാണ്.