കൊച്ചി മെട്രോ: പദ്ധതി ഭേദഗതികള്‍ നഗര വികസന മന്ത്രാലയത്തിനു കൈമാറി

single-img
3 February 2012

കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടിന്മേലുള്ള ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കൈമാറി. കോച്ചുകളുടെ എണ്ണം മൂന്നില്‍ നിന്നു ആറാക്കുന്നതും പാതയുടെ വീതി കൂട്ടുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്കു പദ്ധതിച്ചെലവ് വര്‍ധിക്കുന്നതു സംബന്ധിച്ച രൂപരേഖയാണു കൊച്ചി മെട്രോ റെയില്‍ എംഡി ടോം ജോസ് നഗരവികസന മന്ത്രാലയത്തിനു കൈമാറിയത്.

അതേസമയം, സര്‍ക്കാര്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതുക്കിയ പദ്ധതിരേഖ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതു ലഭിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. നേരത്തേ മൂന്ന് കോച്ചുകള്‍ വീതമുള്ള തീവണ്ടികളായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ഭാവിയിലെ പ്രയോജനം കൂടി പരിഗണിച്ച് കോച്ചുകളുടെ എണ്ണം ആറാക്കാനും പാതയുടെ വീതി കൂട്ടാനുമുള്ള ഭേദഗതികളാണു സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പാതയുടെ വീതി കൂട്ടുന്നതിനായി ഒരു സ്‌റ്റേഷനു 1.2 കോടി മുതല്‍ 1.5 കോടി രൂപ അധികച്ചെലവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.