മൂന്നു മാസത്തിനകം കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്‌തേക്കും

single-img
3 February 2012

പ്രദേശവാസികളുടെ എതിര്‍പ്പ് അവസാനിച്ചാല്‍ മൂന്നു മാസത്തിനകം കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യാനാകുമെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍. നിരന്തരമായ ബോധവത്കരണത്തിലൂടെ പ്രദേശവാസികളുടെ എതിര്‍പ്പ് കുറഞ്ഞിട്ടുണെ്ടന്നും പ്രതിനിധികള്‍ വ്യക്തമാക്കി. വികിരണവും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ സെമിനാറിനു ശേഷം പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

നിലയവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പരീക്ഷണങ്ങളെല്ലാം തൃപ്തികരമാണ്. റിയാക്ടറില്‍ ഇപ്പോള്‍ നിറച്ചിരിക്കുന്ന ഡമ്മി ഫ്യുവല്‍ എടുത്തുമാറ്റി പകരം യഥാര്‍ഥ ആണവ ഇന്ധനം നിറയ്ക്കും. ആദ്യം ഇത് 50 ശതമാനവും പിന്നീട് 100 ശതമാനവുമാക്കി പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. റേഡിയേഷനെക്കുറിച്ചും ആണവ നിലയങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കാനാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് കൂടംകുളം ആണവനിലയം സൈറ്റ് ഡയറക്ടര്‍ എം. കാശിനാഥ് ബാലാജി പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ കൂടംകുളം ആണവനിലയം രാജ്യത്തെ മറ്റു നിലയങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമാണ്. സുനാമിയെ അതിജീവിക്കാവുന്ന തരത്തിലാണ് പ്ലാന്റ് നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികിരണങ്ങള്‍ ഉണ്ടാകുന്നത് ഒരു സ്വാഭാവിക പ്രകൃതിദത്ത പ്രതിഭാസം മാത്രമാണെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ മുംബൈ ചീഫ് എന്‍ജിനീയര്‍ എച്ച്.ആര്‍. ഭട്ട് വ്യക്തമാക്കി. ഭക്ഷണം, ജലം, മരം, മണ്ണ് തുടങ്ങിയവയില്‍ നിന്നെല്ലാം വികിരണങ്ങള്‍ പുറപ്പെടുന്നുണ്ട്. പൊട്ടാസിയം-40, റേഡിയം-226, റേഡിയം-228 തുടങ്ങിയ റേഡിയോ ആക്ടീവതയുള്ള മൂലകങ്ങള്‍ മനുഷ്യശരീരത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഉണ്ടാകുന്ന വികിരണങ്ങളെ അപേക്ഷിച്ച്് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന വികിരണ തോത് വളരെ കുറവാണെന്നും കണക്കുകള്‍ നിരത്തി അദ്ദേഹം വിശദീകരിച്ചു.